ഇനി ചെറിയാൻ ഫിലിപ്പ് പ്രതികരിക്കും, യൂട്യൂബ് ചാനലിലൂടെ
'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യൂട്യൂബ് ചാനൽ ജനുവരി ഒന്നിന് ആരംഭിക്കുമെന്നും ജനകീയ പ്രശ്‌നങ്ങളിൽ ഒറ്റക്കണ്ണൻ ആകില്ലെന്നും ചെറിയാൻ ഫിലിപ്പ്
ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ പ്രതികരണങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങുന്നു. സ്വതന്ത്ര നയവുമായി പ്രവർത്തിക്കുന്ന ചാനൽ ജനുവരി ഒന്ന് മുതലാണ് പ്രവർത്തനം തുടങ്ങുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും ഫിലിപ്പ് വ്യക്തമാക്കി. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുമെന്നും എഫ്.ബി കുറിപ്പിൽ പറഞ്ഞു.
പ്രളയത്തെ നേരിടുന്നതിനെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ നെതർലൻഡ്സിൽ പോയിപ്പഠിച്ചതിന്റെ തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും വിമർശിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചത് റദ്ദാക്കിയിരുന്നു. പദവി വേണ്ടെന്നു ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭ സീറ്റ് നൽകാതെ ഈ സ്ഥാനം നൽകിയതായിരുന്നു വിമുഖതക്ക് കാരണം. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകം രചിക്കുന്നതിന്റെ തിരക്കിലായതിനാലാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം സ്വീകരിക്കാത്തതെന്നായിരുന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നത്.
ചെറിയാൻ ഫിലിപ്പിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ മാന്യമായി അദ്ദേഹത്തെ സഹകരിപ്പിച്ചിട്ടുണ്ടെന്നും താൻ ആരുടെയും രക്ഷാകർത്താവല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, ചെറിയാൻ ഫിലിപ്പിനെ കെ. മുരളീധരൻ എം.പി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. പാർട്ടിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും വരുന്നത് കോൺഗ്രസിന് കരുത്തു പകരുമെന്നും മുരളി പറഞ്ഞു. താനുമായും പിതാവുമായും ബന്ധം നിലനിർത്തിയിരുന്ന ആളാണ് ചെറിയാൻ ഫിലിപ്പെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.
Adjust Story Font
16