എന്‍റെ മരണശേഷവും എല്ലാ വര്‍ഷവും ഒരു കോടി നിങ്ങളുടെ കയ്യിലെത്തും; ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി, മുതുകാടിന്‍റെ സ്വപ്നത്തിന് യൂസഫലിയുടെ സഹായം
കാസര്‍കോട് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്‍റ് ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയപ്പോഴാണ് യൂസഫലി ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്
കാസര്‍കോട് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്‍റെ ലോഗോ പ്രകാശന വേളയില്‍ ഗോപിനാഥ് മുതുകാടും യൂസഫലിയും
തിരുവനന്തപുരം: 83 കോടി ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുതുകാടിന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് കൈത്താങ്ങാകുന്നത്. കാസര്‍കോട് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്‍റ് ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയപ്പോഴാണ് യൂസഫലി ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.
എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവര്‍ഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാന്‍ എഴുതിവയ്ക്കും. ഇപ്പോള്‍ ഒന്നരക്കോടി രൂപയും ഞാന്‍ തരുന്നു'' എന്നായിരുന്നു യൂസഫലി പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് മുതുകാട് ഈ വാക്കുകളെ സ്വീകരിച്ചത്. ''പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാർ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു'' എന്നാണ് ഇതിനെക്കുറിച്ച് മുതുകാട് പറഞ്ഞത്. സംഘഗാനത്തോടെയാണ് സെന്‍ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്‍പനേരം ചെലവഴിച്ചു.കലാകാരന്‍മാരെ അഭിനന്ദിക്കുകയും കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റുമാണ് ഗോപിനാഥ് മുതുകാടിന്‍റെ ലക്ഷ്യം.അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവ ഈ കേന്ദ്രത്തിലുണ്ടാകും.
Adjust Story Font
16