Quantcast

അർധനഗ്ന പ്രതിമകളുള്ള ക്ഷേത്രത്തിൽ പ്രാർഥിക്കുമ്പോൾ കിട്ടുന്നത് ലൈംഗികതയല്ല: ഹൈക്കോടതി

"പുരുഷന്മാർക്ക് സിക്‌സ് പാക്ക് മസിൽ കാണിക്കാം, ഷർട്ടിടാതെ നടക്കാം, എന്നാൽ സ്ത്രീയുടെ നഗ്നശരീരത്തിന്റെ കാര്യത്തിൽ കാഴ്ചപ്പാട് മാറുന്നു"

MediaOne Logo

Web Desk

  • Updated:

    2023-06-06 08:15:42.0

Published:

6 Jun 2023 8:13 AM GMT

അർധനഗ്ന പ്രതിമകളുള്ള ക്ഷേത്രത്തിൽ പ്രാർഥിക്കുമ്പോൾ കിട്ടുന്നത് ലൈംഗികതയല്ല: ഹൈക്കോടതി
X

കൊച്ചി: അർധനഗ്ന പ്രതിമകളും ചുവർചിത്രങ്ങളും പ്രതിഷ്ഠകളുമുള്ള പുരാതന ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ ലൈംഗികതയല്ല, ദൈവികതയാണ് അനുഭവപ്പെടുന്നതെന്ന് ഹൈക്കോടതി. സ്ത്രീ ശരീരത്തിന്റെ കാര്യത്തിൽ മാത്രമാണ് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വ്യത്യാസമുള്ളതെന്നും നഗ്നമേനിയിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ വിധി പറയവെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. കേസിൽ ആക്ടിവിസ്റ്റായ യുവതിയെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു. മോഡൽ കൂടിയായ യുവതി യൂട്യൂബിലിട്ട ദൃശ്യങ്ങൾ അശ്ലീലമോ അസഭ്യമോ അല്ലെന്നും കോടതി നിരീക്ഷിച്ചു.

'പുരുഷ ശരീരത്തിന്റെ സ്വയം നിർണയാവകാശം ചോദ്യം ചെയ്യപ്പെടാറില്ല. എന്നാൽ സ്ത്രീ ശരീരത്തിന്റെ കർതൃത്വവും നിർണയാവകാശവും പുരുഷാധിപത്യ സമൂഹത്തിൽ നിരന്തരമായ ഭീഷണിക്കു കീഴെയാണ്. സ്വന്തം ശരീരവും ജീവിതവും സ്വേഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതിന്റെ പേരിൽ സ്ത്രീകൾക്കെതിരെ വിവേചനമുണ്ടാകുന്നു. അവരെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു' - കോടതി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള പുരാതന ക്ഷേത്രങ്ങളിൽ കാണുന്ന അർധനഗ്ന പ്രതിമകൾ ദൈവികമായാണ് കരുതപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

'നഗ്നതയെ അശ്ലീലമോ അധാർമികമോ, ആഭാസമോ ആയി തരം തിരിക്കുന്നത് പോലും തെറ്റാണ്. മാറുമറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി ചില കീഴ്ജാതി സ്ത്രീകൾ സമരം ചെയ്ത സംസ്ഥാനമാണിത്. രാജ്യത്തുടനീളമുള്ള പുരാതന ക്ഷേത്രങ്ങളിൽ അർധ നഗ്ന ദേവതകളുടെ ചുവർചിത്രങ്ങളും പ്രതിമകളുമുണ്ട്. പൊതുവിടത്തിൽ സൗജന്യമായി ലഭിക്കുന്ന ഈ നഗ്ന ശിൽപ്പങ്ങളും ചിത്രങ്ങളും കലാവിഷ്‌കാരവും വിശുദ്ധവുമായാണ് പരിഗണിക്കപ്പെടുന്നത്. വിഗ്രഹങ്ങളുടെ മാറിടം നഗ്നമാണെങ്കിലും അവിടെ പ്രാർത്ഥിക്കുന്ന ഒരാൾക്ക് ലൈംഗിക വികാരമല്ല ഉണ്ടാകുന്നത്, ദൈവികതയാണ്'

കേരള ഹൈക്കോടതി

പുരുഷന്റെ അർധനഗ്ന ശരീരം അശ്ലീലമായി കണക്കാക്കാത്ത സമൂഹം സ്ത്രീയുടെ ശരീരത്തെ അങ്ങനെയല്ല പരിഗണിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും വിധിയിൽ പറയുന്നു.

'തൃശൂരിലെ പുലിക്കളി ആഘോഷത്തിൽ പുരുഷ ശരീരത്തിൽ ചിത്രം വരയ്ക്കുന്ന അംഗീകരിക്കപ്പെട്ടതാണ്. തെയ്യം, ക്ഷേത്രത്തിലെ മറ്റു ആചാരങ്ങൾ എന്നിവയിലും പുരുഷ ശരീരത്തിൽ ചിത്രം വരയ്ക്കാറുണ്ട്. സിക്‌സ് പാക്ക് മസിലുകൾ പുരുഷന്മാർ കാണിക്കാറുണ്ട്. ഷർട്ടിടാതെ പുരുഷന്മാർ നടന്നു പോകുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത് അശ്ലീലമായോ ആഭാസമായോ നാം കാണാറില്ല. ഒരു പുരുഷന്റെ അർധനഗ്ന ശരീരം ലൈംഗികതയില്ലാത്ത സാധാരണ കാര്യമായി പരിഗണിക്കപ്പെടുന്നു. എന്നാൽ അതേപോലെയല്ല സ്ത്രീ ശരീരത്തെ പരിഗണിക്കുന്നത്. ചിലർ സ്ത്രീയുടെ നഗ്നശരീരത്തെ അമിതമായ ലൈംഗികതയുള്ള ഒന്നായും കാമോപാധിയായും കാണുന്നു. സ്ത്രീ നഗ്നതയെ കുറിച്ച് മറ്റൊരു കാഴ്ചപ്പാടു കൂടിയുണ്ട്- അത് സ്ത്രീയുടെ നഗ്നശരീരം കാമാവശ്യങ്ങൾക്കു മാത്രമുള്ളതാണ് എന്നതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പിനെ തുറന്നു കാണിക്കാൻ കൂടിയാണ് പരാതിക്കാരി വീഡിയോ ഉണ്ടാക്കിയതും അത് അപ്ലോഡ് ചെയ്തതും' - ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു.

കേസിലെ സാഹചര്യങ്ങൾ രാഷ്ട്രീയമാണെന്നും പരാതിക്കാരിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാണ് എന്നും കോടതി നിരീക്ഷിച്ചു. നഗ്നത ലൈംഗിതയുമായി ബന്ധപ്പെട്ടതല്ലെന്ന രഞ്ജിത് ഡി ഉദേശി, അവരീക് സർക്കാർ കേസുകളിലെ സുപ്രിംകോടതി ഉദ്ധരിച്ചായിരുന്നു കോടതി വിധി. സ്ത്രീയുടെയും പുരുഷന്റെയും നഗ്നതയെ നോക്കിക്കാണുന്നതിൽ സമൂഹത്തിന് ഇരട്ടത്താപ്പുണ്ടെന്നും വിധിയിൽ പറയുന്നു. ഈ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനാണ് പരാതിക്കാരി യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

ആക്ടിവിസ്റ്റിന്റെ ശരീരത്തിൽ ചിത്രം വരച്ചതിൽ കുട്ടികൾക്ക് പരാതികളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

'എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളെ നല്ലതു പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആഗ്രഹിക്കുന്ന പോലെ കുട്ടികളെ വളർത്താൻ എല്ലാ രക്ഷിതാക്കൾക്കും അവകാശമുണ്ട്. ഏതു പ്രവൃത്തിയും ശരിയോ തെറ്റോ എന്ന ചിന്ത കുട്ടികളിൽ സ്വാഭാവികമായും വളരുന്നില്ല. ഉണ്ടാക്കുകയാണ് ചെയ്യുന്നത്. തന്റെ ശരീരം കുട്ടികൾക്ക് ചിത്രം വരയ്ക്കാനുള്ള കാൻവാസാക്കി മാറ്റുകയാണ് പരാതിക്കാരി ചെയ്തത്. അത് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക സംതൃപ്തിക്കു വേണ്ടിയല്ല. സ്വന്തം ശരീരത്തെ കുറിച്ച് തീരുമാനമെടുക്കാൻ സ്ത്രീക്ക് അധികാരമുണ്ട്. ആ അവകാശം മൗലികമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതുമാണ്' - കോടതി നിരീക്ഷിച്ചു.





TAGS :

Next Story