കേരളീയം സമാപന ചടങ്ങിനെത്തി ഒ. രാജഗോപാൽ; ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി
ഒരു ജനതയെ നിഷ്ഠൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ നിഷ്പക്ഷ നിലപാടെടുക്കാൻ പറ്റില്ല. പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പം നിൽക്കണമെന്നും ഫലസ്തീന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരളീയം സമാപന വേദിയിലെത്തി മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ ഒ. രാജഗോപാൽ. രാജഗോപാൽ എത്തിയതിനെ പ്രത്യേകം പരാമർശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്തു.
മുഖ്യമന്ത്രി നടത്തുന്ന പരിപാടിയായതുകൊണ്ട് വരേണ്ടത് തന്റെ കടമയാണെന്ന് രാജഗോപാൽ പറഞ്ഞു. ബി.ജെ.പി കേരളീയത്തിന് എതിരാണെന്ന് കരുതുന്നില്ല. നല്ല കാര്യം ആര് ചെയ്താലും അതിനെ പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വർഷവും കേരളീയം പരിപാടി സംഘടിപ്പിക്കും. നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാപന ചടങ്ങിൽ ഫലസ്തീൻ ജനതക്ക് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ നിഷ്ഠൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്. അമേരക്കിൻ പിന്തുണയോടെയാണ് ഇസ്രായേൽ ഇത് ചെയ്യുന്നത്. ഫലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാടെടുക്കാൻ പറ്റില്ല. നമുക്ക് പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പം നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16