മെഡിക്കല്‍ പി.ജി; ഒ.ബി.സി സംവരണം വർധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ
30 ശതമാനം സംവരണം നൽകണമെന്ന സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ശിപാർശയും സർക്കാർ അവഗണിച്ചു
മെഡിക്കൽ പി.ജി കോഴ്സിലെ ഒ.ബി.സി സംവരണം വർധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ. നിലവിലുള്ള ഒമ്പത് ശതമാനം കൂട്ടാനാവില്ലെന്നാണ് സർക്കാർ ഉത്തരവ്. 30 ശതമാനം സംവരണം നൽകണമെന്ന സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ശിപാർശയും സർക്കാർ അവഗണിച്ചു. ഒ.ബി.സി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
സംസ്ഥാന ജനസംഖ്യയുടെ 65 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങൾക്ക് നിലവിൽ ഒമ്പത് ശതമാനം മാത്രമാണ് മെഡിക്കൽ, ഡെൻറൽ പി.ജി കോഴ്സുകളിൽ സംവരണം. കഴിഞ്ഞവർഷം മെഡിക്കൽ പി.ജി കോഴ്സുകളിൽ മുന്നാക്ക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്) പത്ത് ശതമാനം സീറ്റ് നീക്കിവെച്ചതോടെയാണ് ഒ.ബി.സി സംവരണം ഒമ്പത് ശതമാനത്തിൽ ഒതുങ്ങിയത് ചർച്ചയായത്.
സംവരണം 30 ശതമാനമാക്കി ഉയർത്താൻ കഴിഞ്ഞ ഫെബ്രുവരി 26നാണ് പിന്നാക്ക വിഭാഗ കമ്മീഷൻ ശിപാര്‍ശ ചെയ്തത്. സർക്കാർ ആവശ്യപ്രകാരം വിഷയം പഠിച്ചാണ് റിട്ട. ജസ്റ്റിസ് ജി. ശശിധരൻ അധ്യക്ഷനായ കമീഷൻ ഉപദേശം നൽകിയത്.
എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ മെഡിക്കൽ ബിരുദ കോഴ്സുകൾക്ക് നിലവിൽ 30 ശതമാനമാണ് ഒ.ബി.സി സംവരണം. മെഡിക്കൽ, ഡെൻറൽ ബിരുദ കോഴ്സുകളിലും പി.ജി കോഴ്സുകളിലും അഖിലേന്ത്യ ക്വോട്ടയിലെ പ്രവേശനത്തിന് ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം നല്കാന് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു.
Adjust Story Font
16