നടിയോട് ലൈംഗിക ബന്ധത്തിന് തയാറാവാൻ ആവശ്യപ്പെട്ടതിനെ എതിർത്തു, പിന്നാലെ വിലക്കപ്പെട്ടു; ദുരനുഭവം തുറന്നു പറഞ്ഞ് സംവിധായക സൗമ്യ സദാനന്ദൻ
പുതിയ പ്രൊജക്ടുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ
കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിർത്തതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദൻ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങളാണ് ഇതെന്നും സൗമ്യ പങ്കുവച്ചു.
ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടത് ഒരു പവർ പേഴ്സൺ ആണ്. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.
എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രൊജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു. ഹേമ കമ്മിറ്റിക്ക് മുൻപിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബൻ നായകനായ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ 2018ലാണ് ആദ്യ സിനിമ ചെയ്തത്. അതിനു ശേഷം ഇതുവരെ തനിക്ക് അവസരങ്ങൾ ലഭിച്ചില്ല. 2019ൽ മാത്രം 10 പേരെയാണ് കണ്ടത്. അതിൽ എട്ടുപേരും എന്റെ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞു. രണ്ടു വനിതാ പ്രോഡ്യുസർമാരെ സമീപിച്ചെങ്കിലും പ്രോജക്ടുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. സൗമ്യ കുറിപ്പിൽ വ്യക്തമാക്കി.
Adjust Story Font
16