ഒമിക്രോണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് അവലോകന യോഗം
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വൈകിട്ട് ഓൺലൈൻ ആയിട്ടാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരണമോയെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. രാത്രികാല കർഫ്യു പുനരാരംഭിക്കണം എന്ന നിർദ്ദേശമുണ്ട്.
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂർ-ആറ്, മലപ്പുറം-ആറ് എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽനിന്നും രണ്ടുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും എത്തിയവരാണ്. ആലപ്പുഴയിലെ രണ്ടുപേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്ത് ഒൻപതുപേർ യുഎഇയിൽനിന്നും, ഒരാൾ ഖത്തറിൽനിന്നും വന്നതാണ്. ആലപ്പുഴയിൽ മൂന്നുപേർ യുഎഇയിൽനിന്നും രണ്ടുപേർ യുകെയിൽനിന്നും, തൃശൂരിൽ മൂന്നുപേർ കാനഡയിൽനിന്നും, രണ്ടുപേർ യഎഇയിൽനിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽനിന്നും, മലപ്പുറത്ത് ആറുപേർ യുഎഇയിൽനിന്നുമാണ് എത്തിയത്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്ന് ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽനിന്ന് 109 പേരും എത്തിയിട്ടുണ്ട്. 20 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേർ ആശുപത്രി വിട്ടു. എറണാകുളം-16, തിരുവനന്തപുരം-15, തൃശൂർ-നാല്, ആലപ്പുഴ-മൂന്ന്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ-ഒരാൾ വീതം എന്നിങ്ങനെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
Adjust Story Font
16