ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ; ലോട്ടറി അടിച്ചാല്‍ ആദ്യം ചെയ്യേണ്ടത്...
ഒന്നില്‍ക്കൂടുതല്‍ പേരൊന്നിച്ച് എടുത്ത ടിക്കറ്റാണെങ്കില്‍ ഒന്നിലേറേ പേര്‍ക്ക് ടിക്കറ്റിന് പിന്നില്‍ പേരെഴുതി ഒപ്പിട്ട് അവകാശവാദം സ്ഥാപിക്കാം
കേരള ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുടെ ബംപര്‍ നറുക്കെടുപ്പ് നാളെയെടുക്കും. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ലോട്ടറി നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. 319 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന ടിക്കറ്റുകളാണ് ഇതുവരെ വിറ്റുതീര്‍ന്നത്.
ഒന്നാം സമ്മാനം അടിച്ചാല്‍ എന്തുചെയ്യും?
സമ്മാനം ലഭിച്ചുവെന്ന് ഉറപ്പായാല്‍ ടിക്കറ്റുകള്‍ക്കൊപ്പം ആവശ്യം വേണ്ട രേഖകള്‍ നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്ക് മുഖേനയോ നേരിട്ടോ ലോട്ടറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ സമ്മാനത്തുകയ്കായി ലോട്ടറി ഡയറക്ടറേറ്റിലുമാണ് ഹാജരാക്കേണ്ടത്. സമ്മാന ടിക്കറ്റിന്‍റെ മറുവശത്ത് സമ്മാനര്‍ഹന്‍റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തണം.
ഒന്നില്‍ക്കൂടുതല്‍ പേരൊന്നിച്ച് എടുത്ത ടിക്കറ്റാണെങ്കില്‍ ഒന്നിലേറേ പേര്‍ക്ക് ടിക്കറ്റിന് പിന്നില്‍ പേരെഴുതി ഒപ്പിട്ട് അവകാശവാദം സ്ഥാപിക്കാം. ടിക്കറ്റിന് പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് ലോട്ടറി ഡയറക്ടര്‍ക്ക് നല്‍കുന്ന അപേക്ഷയില്‍ വ്യക്തമാക്കാം. ഈ അപേക്ഷ പ്രകാരമാകും തുക അനുവദിക്കുക. ഒറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒന്നിച്ചോ പല അക്കൗണ്ടുകളിലൂടെയോ തുക കൈപറ്റാം.
ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം നികുതിയും കഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും. ഒന്നാം സമ്മാനമായി 10 കോടി രൂപ നല്‍കുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജ ബംപര്‍ നാളെ പുറത്തിറക്കും
Adjust Story Font
16