കിറ്റടക്കം 15000 കോടി; ഖജനാവൊഴിഞ്ഞു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി?
ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
തിരുവനന്തപുരം: ഓണാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതോടെ വരും ദിവസങ്ങളിൽ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്. നിയന്ത്രണം ഏത് രീതിയിൽ വേണമെന്നുള്ളതിൽ തീരുമാനം നാളെയുണ്ടാകും.
ഓണക്കാലത്ത് ചെലവ് 15000 കോടി രൂപയായി. ഖജനാവ് കാലിയായ അവസ്ഥയാണ്. ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വിവിധ പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതിൽ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാർഗം. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ധനവകുപ്പ് ഉടൻ തീരുമാനിക്കും.
പ്രതിസന്ധിയിൽ ആകെയുള്ള പരിഹാരം കേന്ദ്രത്തിൽ നിന്നുള്ള ധനക്കമ്മി നികത്തൽ ഗ്രാൻഡ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടലാണ്. നാളെ ഇത് കിട്ടിയില്ലെങ്കിൽ ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. നിത്യച്ചെലവിനായി റിസർവ് ബാങ്കിൽ നിന്ന് 1680 കോടി വരെയും എടുക്കാൻ കഴിയും. ചില വകുപ്പുകൾ പദ്ധതികൾക്കായി വാങ്ങിയ തുക ചെലവഴിക്കാതെ അക്കൗണ്ടുകളിലുണ്ട്. അതും തിരിച്ച് പിടിക്കാൻ ധനവകുപ്പ് ആലോചിക്കുന്നു.
Adjust Story Font
16