നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ
കേസിൽ നേരത്തെ കന്യാകുമാരി സ്വദേശി മണികണ്ഠൻ ശങ്കർ നേരത്തെ അറസ്റ്റിലായിരുന്നു
തിരുവനന്തപുരം: സിനിമാ-സീരിയൽ നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപുർ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ നേരത്തെ കന്യാകുമാരി സ്വദേശി മണികണ്ഠൻ ശങ്കർ നേരത്തെ അറസ്റ്റിലായിരുന്നു.
എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അനേഷിക്കുന്നത്.
സൈബർ ക്രൈം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി.പ്രകാശ്, എസ്.ഐ. ആർ.ആർ.മനു, പോലീസ് ഉദ്യോഗസ്ഥരായ വി.എസ്.വിനീഷ്, എ.എസ്.സമീർഖാൻ, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. സഹപ്രവർത്തകരായ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. ഇതാണ് കുറ്റവാളികൾക്ക് പ്രോത്സാഹനമാകുന്നത്. ദുരനുഭവമുണ്ടായ എല്ലാവരും പരാതിയുമായി രംഗത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു.
Adjust Story Font
16