എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തിയ സംഭവം: പത്തൊമ്പതുകാരന്‍ അറസ്റ്റില്‍
അസാധാരണ സാഹചര്യത്തിൽ കാർ നിർത്തിയിട്ടത് കണ്ട് എത്തിയതായിരുന്നു പൊലീസ് സംഘം
പാലക്കാട്: എസ്ഐയെ വാഹനം ഇടിച്ച് തെറിപ്പിച്ച പ്രതിയെ പിടികൂടി. പത്തൊമ്പതുകാരനായ അലനെ തൃത്താല പൊലീസാണ് പിടികൂടിയത്. ഇന്നലെ അർധരാത്രിയാണ് വാഹനപരിശോധനക്കിടെ എസ്ഐ ശശികുമാറിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം വാഹനം വീട്ടിൽ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
തൃത്താല എസ്ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണ സാഹചര്യത്തിൽ കാർ നിർത്തിയിട്ടത് കണ്ട് എത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസിനെ കണ്ട വാഹനം ആദ്യം പുറകോട്ട് എടുത്തപ്പോഴാണ് എസ്ഐ ശശികുമാറിനെ ഇടിച്ചത്.
നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമ അഭിലാഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ 19 വയസുള്ള മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവ ശേഷം കാർ വീട്ടിൽ എത്തിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ശശികുമാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Adjust Story Font
16