Quantcast

ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; ഒരാൾ കൂടി അറസ്റ്റിൽ

പള്ളുരുത്തി സ്വദേശി ബാദുഷയെയാണ് കൊച്ചി തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-08-10 09:39:59.0

Published:

10 Aug 2024 9:02 AM GMT

ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; ഒരാൾ കൂടി അറസ്റ്റിൽ
X

കൊച്ചി: ലാവോസിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി ബാദുഷയെയാണ് കൊച്ചി തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ലാവോസിൽ തട്ടിപ്പ് സംഘങ്ങളുമായി ബാദുഷക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മനുഷ്യക്കടത്തിന് ഇരയായ തോപ്പുംപടി സ്വദേശിയുടെ പരാതിയിൽ പള്ളുരുത്തി സ്വദേശിയായ അഫ്സർ അഷറഫിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു പള്ളുരുത്തി സ്വദേശിയായ ബാദുഷയെ കസ്റ്റഡിയിലെടുത്തത്. 2013 മുതൽ ബാദുഷ ലാവോസിലെ തട്ടിപ്പ് സംഘങ്ങൾക്ക് വേണ്ടി ജോലി ചെയ്തിരുന്നു. പിന്നാലെ നാട്ടിലെത്തിയ ശേഷം മനുഷ്യക്കടത്ത് ആരംഭിച്ചു. ലാവോസിലെ യിങ് ലോങ് എന്ന ചൈനീസ് കമ്പനിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്തതാണ് ആളുകളിൽനിന്ന് 50000 വീതം വാങ്ങിയത്.

തുടർന്ന് ലാവോസിൽ എത്തിച്ചശേഷം ഓരോ ആളെയും നാലു ലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് വിൽക്കുകയായിരുന്നു. എന്നാൽ, ഓൺലൈൻ തട്ടിപ്പാണ് ജോലിയെന്ന് തിരിച്ചറിഞ്ഞും കമ്പനിയുടെ പീഡനം സഹിക്കവയ്യാതെയും എംബസിയുടെ സഹായത്തോടെ നാട്ടിൽ തിരികെയെത്തിയ ആളുകളുടെ പരാതികളിലാണ് നിലവിലെ പൊലീസ് നടപടി. ബാദുഷയുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇയാളെ ജോലിക്കായി ലാവോസിൽ എത്തിച്ച മറ്റൊരു കൊച്ചി സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെ ഇതേ തട്ടിപ്പിന് ഇരയായി കമ്പോഡിയയിൽ കുടുങ്ങിയശേഷം മടങ്ങിയെത്തിയ ആറ് പേരുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസും കേസെടുത്തിട്ടുണ്ട്. നൂറിലധികം മലയാളികൾ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

Summary: One more arrested in case of human trafficking by offering jobs to Laos

TAGS :

Next Story