Quantcast

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിങ്കളാഴ്ച മുതൽ 1600 രൂപ വീതം പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Dec 2024 11:18 AM GMT

One more installment of welfare pension was sanctioned
X

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡുകൂടി അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശ്ശികയുണ്ടെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story