അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി
42-ാം സാക്ഷി നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞത്
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 42-ാം സാക്ഷി നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞത്. പ്രതികളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നും പൊലീസിന് മൊഴി നല്കിയിട്ടില്ലെന്നുമാണ് നവാസ് കോടതിയിൽ പറഞ്ഞു.
അതേസമയം, മധു വധക്കേസിലെ ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവിലെ ദൃശ്യങ്ങൾ സ്വന്തം ലാപ്ടോപിലേക്കു പകർത്തി പ്രദർശിപിച്ച പൊലീസുകാരനെ കോടതി ശാസിച്ചു. സിവിൽ പൊലീസ് ഓഫിസർ കെ.വിനുവിന്റെ ലാപ്ടോപ് കോടതി പിടിച്ചെടുത്തു. കണ്ണു പരിശോധനക്ക് വിധേയനായ സാക്ഷി സുനിൽകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയിൽ പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതി അന്വേഷണ ഉദ്യോഗസ്ഥനായ അഗളി മുൻ ഡിവൈഎസ്പി ടികെ സുബ്രഹ്മണ്യനെ വിളിപ്പിച്ചിരുന്നു.
സുനിൽകുമാറിനെതിരായ ഹരജി പരിഗണിക്കുന്നതു മൂന്നിലേക്കു മാറ്റി. സ്വന്തം ദൃശ്യം കോടതിയിൽ പ്രദർശിച്ചപ്പോൾ അതു തന്റേതല്ലെന്നു പറഞ്ഞ അബ്ദുൽ ലത്തീഫിന്റെ ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി പരിഗണിച്ച് അബ്ദുൽ ലത്തീഫിനോടു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അബ്ദുൽ ലത്തീഫ് കോടതി പരിസരത്ത് എത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Adjust Story Font
16