തൃശൂരിലെ ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്
തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. 200 മീറ്റർ വ്യത്യാസത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്നാണ് പൊലീസ് നിഗമനം. അരുൺ കുമാറിന്റെ മൃതദേഹത്തിനാണ് കൂടുതൽ പഴക്കമുള്ളത്. മരത്തിൽ നിന്ന് വീണത് പോലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംയുക്ത തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
എട്ട് വയസുള്ള അരുൺ കുമാറിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. തേനും വനവിഭവങ്ങളും ശേഖരിക്കാൻ പോകുന്ന കുട്ടികളാണ് ഇവർ. കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് കരുതിയിരുന്നത്. എന്നാൽ വിവരം ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ തുടങ്ങിയത്. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായിരുന്നത്.
Adjust Story Font
16