Quantcast

പിണറായിയോട് ഒരൊറ്റ ചോദ്യം, പൊതുകടത്തിന്റെ കാര്യത്തിൽ താങ്കൾക്ക് എത്ര നിലപാട് ഉണ്ട്?: വി.ടി ബൽറാം

'പിണറായിയുടെ നിലപാടുകൾ ഇരട്ടത്താപ്പോ കണ്ടാമൃഗത്തെ വെല്ലുന്ന ചർമ്മശേഷിയോ ആയി കാണാൻ ആഗ്രഹിക്കുന്നില്ല'

MediaOne Logo

Web Desk

  • Updated:

    2022-03-31 12:04:16.0

Published:

31 March 2022 11:59 AM GMT

പിണറായിയോട് ഒരൊറ്റ ചോദ്യം, പൊതുകടത്തിന്റെ കാര്യത്തിൽ താങ്കൾക്ക് എത്ര നിലപാട് ഉണ്ട്?: വി.ടി ബൽറാം
X

സംസ്ഥാനത്തിന്റെ പൊതുകടം വർധിക്കുന്നതിനേക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് നിലപാട് വ്യക്മാക്കേണ്ട ബാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പിണറായി വിജയന്റെ ഈ പഴയ നിലപാടും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയും വച്ച് ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പോ കണ്ടാമൃഗത്തെ വെല്ലുന്ന ചർമ്മശേഷിയോ ആയി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

2016ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ. കെ ആന്റണിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ബൽറാമിന്റെ പരിഹാസം. കടംകയറി മുങ്ങിയ സംസ്ഥാനത്ത് വികസനം നടക്കുന്നു എന്നത് പൊള്ളത്തരമാണെന്നായിരുന്നു പിണറായി വിജയന്റെ അന്നത്തെ വിമർശനം. നിലവിലെ കേരളത്തിലെ സാഹചര്യം വ്യത്യസ്തമല്ലെന്ന് ബലറാം പറയുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്നാണ് പിണറായി പറയുന്നത്. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് അദ്ദേഹത്തിന്റെ തന്നെ കണക്ക്. ഇതുപ്രകാരം യുഡിഎഫ് കാലത്ത് പൊതുകടം വർദ്ധിച്ചത് 82 ശതമാനമാണ്. എന്നാൽ പിണറായി വിജയന്റെ ഭരണകാലത്ത് ഇപ്പോൾ കേരളത്തിന്റെ പൊതുകടം എത്തിനിൽക്കുന്നത് 3,29,000 കോടിയിലാണ്. അതായത് ഇക്കാലയളവിൽ കേരളത്തിന്റെ കടബാധ്യതയിലുണ്ടായ വർദ്ധനവ് 129 ശതമാനത്തിലേറെയാണെന്നും ബലറാം വിമർശിക്കുന്നു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശ്രീ പിണറായി വിജയന്റെ ഈ പഴയ നിലപാടും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയും വച്ച് ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പോ കണ്ടാമൃഗത്തെ വെല്ലുന്ന ചർമ്മശേഷിയോ ആയി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏതായാലും കേരളത്തിന്റെ ഭരണാധികാരിയും ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ നേതാവും എന്ന നിലയിൽ സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിക്കുന്നതിനേക്കുറിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട് എന്നതിൽ സംശയമില്ല.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് പിണറായി വിജയന്റെ തന്നെ കണക്ക്. ഇതുപ്രകാരം യുഡിഎഫ് കാലത്ത് പൊതുകടം വർദ്ധിച്ചത് 82 ശതമാനം.

എന്നാൽ പിണറായി വിജയന്റെ ഭരണകാലത്ത് ഇപ്പോൾ കേരളത്തിന്റെ പൊതുകടം എത്തിനിൽക്കുന്നത് 3,29,000 കോടിയിലാണ്! അതായത് ഇക്കാലയളവിൽ കേരളത്തിന്റെ കടബാധ്യതയിലുണ്ടായ വർദ്ധനവ് 129 ശതമാനത്തിലേറെയാണ്. അതായത് ഒന്നേകാൽ ഇരട്ടിയിലധികം. ഈ വർഷത്തെ 27000 കോടി ഒഴിവാക്കി ആദ്യ 5 വർഷത്തെ കണക്ക് മാത്രമെടുത്താലും കടവർദ്ധനവ് 110 ശതമാനം വരും.

കിഫ്ബിയുടെ പേരിൽ ബജറ്റിന് പുറത്ത് കടമെടുക്കുന്ന 65,000 ഓളം കോടി ഇതിൽ ഉൾപ്പെടുന്നില്ല എന്നും ഓർക്കണം. ആ കടബാധ്യതയും ആത്യന്തികമായി വന്നു ചേരുന്നത് സംസ്ഥാന ഖജനാവിന് മേൽ തന്നെയാണ്. അതുകൂടി കണക്കിലെടുത്താൽ ആകെ കടബാധ്യത ഇപ്പോൾത്തന്നെ നാല് ലക്ഷം കോടിയോടടുക്കും. ഇതിനും പുറമേയാണ് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം കോടിയെങ്കിലും ചെലവ് വരുന്ന കെ റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള കടമെടുപ്പ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാത്ത സാഹചര്യത്തിൽ ഈ ബാധ്യതയും പൂർണ്ണമായി വഹിക്കേണ്ടത് കേരളം തന്നെയായിരിക്കും.

പൊതുകടത്തിന്റെ കേവല കണക്കുകൾ വച്ചുള്ള വിലയിരുത്തലിലും അപാകതയുണ്ട്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി ചേർത്ത് വച്ചുകൊണ്ട് കടബാധ്യതയെ വിലയിരുത്തുമ്പോൾ (Debt-GSDP Ratio) മാത്രമേ യഥാർത്ഥചിത്രം വെളിച്ചത്ത് വരികയുള്ളൂ. ആ നിലയിൽ Debt-GSDP റേഷ്യോ ഏറ്റവും ഉയർന്നുനിൽക്കുന്ന ഇന്ത്യയിലെ നാലാമത്തെ പ്രധാന സംസ്ഥാനമാണ് കേരളം. 2017-18 വർഷത്തിൽ വെറും 30.78% ആയിരുന്ന കടബാധ്യത ഇപ്പോൾ 38.3% ആയി കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. നേരത്തെപ്പറഞ്ഞ കിഫ്ബി ബാധ്യതകൾ കൂടി കണക്കിലെടുത്താൽ ഇത് ഏതാണ്ട് 45% ആയി ഉയരും. കെ-റെയിലിനു വേണ്ടിക്കൂടി കടമെടുക്കേണ്ടി വന്നാൽ സംസ്ഥാനത്തിന്റെ യഥാർത്ഥ കടബാധ്യത മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികമാവും, ബജറ്റിന് പുറത്തുള്ള കടമെടുപ്പായതിനാൽ ഇത് കണക്കിൽ വരില്ല എന്നേയുള്ളൂ. കേരളം കുത്തുപാളയെടുക്കേണ്ടി വരുമെന്ന് പറയുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവിടം മറ്റൊരു ശ്രീലങ്കയായി മാറാത്തത്.

ഏതായാലും ശ്രീ പിണറായി വിജയനോട് ഒരൊറ്റ ചോദ്യം വീണ്ടുമാവർത്തിക്കുന്നു: പൊതുകടത്തിന്റെ കാര്യത്തിൽ താങ്കൾക്ക് എത്ര നിലപാട് ഉണ്ട്?


TAGS :

Next Story