'കേരളത്തിൻ്റെ മൂന്നിലൊന്ന് വരുമാനം പ്രവാസികളുടെതാണ്'; പിസിക്ക് മറുപടിയുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പി.സി ജോർജിൻ്റെ വർഗീയ പ്രസ്താവന
കോഴിക്കോട്: ബിജെപി നേതാവ് പി.സി ജോർജിന്റെ വർഗീയ പരാമർശങ്ങൾക്ക് മറുപടിയുമായി സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പി.സി ജോർജിൻ്റെ വർഗീയ പ്രസ്താവന. മുസ്‌ലിംകൾ പാകിസ്താനിലേക്ക് പോയാൽ ആര് ദുബായിലേക്കുള്ള ലോഞ്ചിൽ ജോലി തേടി പോകുമെന്നും കേരളത്തിൻ്റെ മൂന്നിലൊന്ന് വരുമാനം പ്രവാസികളുടെതാണെന്നും ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പാകിസ്താനിലേക്ക് പോയാൽ ആര് ദുബായിലേക്കുള്ള ലോഞ്ചിൽ ജോലി തേടി പോകും? ലോഞ്ച് മുങ്ങി കടലിൽ അജ്ഞാതരായി മരിക്കും?
പണ്ട് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമത്തിൽ നിന്ന് ദുബായിലേക്ക് ലോഞ്ചിൽ പോയ 64 പേർ കടലിലെവിടെയോ മുങ്ങിപ്പോയിട്ടുണ്ട്. ഇന്നും ഒരാളും തിരിച്ചു വന്നിട്ടില്ല. ആ വേദനയെ എന്ത് പേരിട്ട് വിളിക്കും? കേരളത്തിൻ്റെ മൂന്നിലൊന്ന് വരുമാനം പ്രവാസികളുടെതാണെന്ന് പി.സിയ്ക്ക് അറിയാതിരിക്കാൻ വഴിയില്ല. അവർ നട്ടു നനച്ചതാണ് ഇന്ന് കാണുന്ന വൃത്തിയും വിദ്യാഭ്യാസവും നല്ല ഉടുപ്പും സ്റ്റൈലൻ വീടും പള്ളിയും അമ്പലവുമൊക്കെയുള്ള കേരളം. ഇനി ചോദിക്കട്ടെ, ഇവരെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിരുന്നെങ്കിൽ എന്താവും കേരള ചരിത്രം? ഉത്തരം ലളിതമാണ്. ജീവിക്കാൻ ഗതിയില്ലാതെ അവർ പാക്കിസ്താനിൽ കുഞ്ഞുകുട്ടി പരാധീനതകളുമായി കുറച്ചുകാലം ജീവിക്കും. എന്നിട്ട് ദുബായിൽ ലോഞ്ച് കയറി പോകും. പിന്നെ ഇത്തിരി പണമുണ്ടാക്കി കപ്പലിൽ പോകും അത് കഴിഞ്ഞ് സ്റ്റൈലൻ വിമാനത്തിൽ പോകും. അവരങ്ങ് നന്നാവും
ഇനി ഒരു സംശയം? അപ്പോൾ പണമൊക്കെ പാക്കിസ്താന് കിട്ടില്ലേ? എന്താ സംശയം കിട്ടും. അപ്പോൾ പാക്കിസ്താൻ കുറച്ച് കൂടി നന്നാവില്ലേ? നന്നാവും.
അങ്ങനെ വരുമ്പോൾ ആരാണ് പാക്കിസ്ഥാൻ്റെ ആള്? എന്താ ഇത്ര സംശയം പി.സി ജോർജ് തന്നെ! ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ആകാശത്ത് മുഷ്ടി ചുരുട്ടി ഉച്ചത്തിൽ പറയും: 'പാക്കിസ്ഥാന് വേണ്ടി പിന്നിൽ നിന്ന് പണിയെടുത്ത് നമ്മുടെ ദേശത്തെ ഒറ്റുകൊടുക്കുന്ന ആ അറാം പിറന്നവനെ ജയിലിൽ പിടിച്ചിടുക.! ഇങ്ക്വിലാബ് സിന്ദാബാദ്! എന്നാൽ പി.സിയെ ജയിലിൽ പിടിച്ചിട്ടുന്നതിനോട് വ്യക്തിപരമായി എനിക്ക് യാതൊരു യോജിപ്പുമില്ല. കാരണം ജയിലിലടച്ചാൽ ചിലപ്പോൾ ഇയാൾ നന്നായിപ്പോകും! നമ്മുടെ ശത്രുരാജ്യമായ പാക്കിസ്താനെ ഒളിഞ്ഞ് നിന്ന് സഹായിക്കുന്ന ഒരു അറാം പെറന്നോനെയും അങ്ങനെ നന്നാവാൻ നമ്മളായിട്ട് സഹായിക്കരുത്.
Adjust Story Font
16