പെരുമഴയില്‍ പൊലിഞ്ഞുപോയ 59 ജീവനുകള്‍; കവളപ്പാറ ദുരന്തത്തിന് രണ്ടു വയസ്
അപകടം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസം ഇനിയും പൂർണമായിട്ടില്ല
രണ്ട് വർഷം മുമ്പ് തുടർച്ചയായി പെയ്ത തോരാമഴ കവളപ്പാറക്ക് സമ്മാനിച്ചത് തീരാകണ്ണീർ. 59 പേരുടെ ജീവനാണ് കവളപ്പാറയിൽ പൊലിഞ്ഞത്. അപകടം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസം ഇനിയും പൂർണമായിട്ടില്ല.
2019 ആഗസ്ത് എട്ട് , ഇടമുറിയാത്ത മഴയായിരുന്നു മലപ്പുറത്തിന്‍റെ മലയോര മേഖലയിൽ, ആ മഴ സമ്മാനിച്ചത് ഇപ്പോഴും ഭീതി വിട്ടുമാറാത്ത ദുസ്വപ്നം .കവളപ്പാറയിലെ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞു. 59 പേരുടെ ജീവനാണ് അന്ന് ആ ദുരന്തം കവര്‍ന്നെടുത്തത്. ദാരുണാപകടം രണ്ടാണ്ട് പിന്നിടുമ്പോഴും പുനരധിവാസം ഇനിയും പൂർണമായിട്ടില്ല, അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരിൽ പലരുടെയും ജീവിതം ഇപ്പോഴും ക്യാമ്പുകളിലാണ്. ക്യാമ്പുകളിലെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയവർ വാടകവീടുകളിലുമായാണ് ഇപ്പോഴും കഴിയുന്നത്.
മുത്തപ്പൻ കുന്നിന് സമീപം ഇപ്പോൾ താമസിക്കുന്ന കുടുംബങ്ങൾക്ക് മഴ പെയ്താൽ പിന്നെ ആശങ്കയാണ്, മഴ ശക്തമായാൽ മാറി താമസിക്കണമെന്ന നിർദേശം മാത്രം അധികൃതർ നൽകും എന്നാൽ എങ്ങോട്ട് മാറണമെന്ന് നിർദേശം നൽകുന്നവരുടെ പരിഗണനയിലില്ലെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അപകട ഭീഷണിയിൽ കഴിയുന്നവരെ മാറ്റണമെന്നും പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ എന്നെന്നേക്കുമായി സമാധാനം നഷ്ടപ്പെട്ട് അവശേഷിച്ച മനുഷ്യർ ഇപ്പോഴും ആവശ്യപ്പെടുന്നത് ശാശ്വതമായ പുനരധിവാസമാണ്.
Adjust Story Font
16