കണ്ണീര്‍ തോരാതെ പെട്ടിമുടി; ദുരന്തത്തിന് ഇന്ന് ഒരാണ്ട്
ഇന്നും ആ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകളിലാണ് പെട്ടിമുടിയിലുള്ളവർ
പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. ഇന്നും ആ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകളിലാണ് പെട്ടിമുടിയിലുള്ളവർ. 13 കുട്ടികൾ ഉൾപ്പടെ 70 പേരാണ് അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്.
2020 ആഗസ്ത് ആറാം തിയതി രാത്രി 10.45ന് ഇതുവഴി ഒഴുകിയെത്തിയ ഉരുൾ നാല് ലയങ്ങളാണ് തകർത്തത്. നഷ്ടമായത് 70 ജീവനുകൾ. പതിവുപോലെ അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അവർ അറിഞ്ഞിരുന്നില്ല, അത് അവരുടെ അന്ത്യ അത്താഴമാകുമെന്ന്. ലയങ്ങളിലെ ഒറ്റമുറി വീടുകളിൽ ഒന്നിച്ച് കഴിഞ്ഞിരുന്ന മുത്തശ്ശി - മുത്തശ്ശന്മാരും മക്കളും പേരക്കുട്ടികളും നല്ലൊരു നാളെ പ്രതീക്ഷിച്ച് തന്നെയാകണം കണ്ണടച്ചിട്ടുണ്ടാവുക. അപ്രതീക്ഷിതമായി എത്തിയ ഉരുൾ നിമിഷ നേരംകൊണ്ടാണ് അവരുടെ സ്വപ്നങ്ങൾ തല്ലിത്തകർത്തത്. ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ അവർ മണ്ണിന് അടിയിൽ കുടുങ്ങി.
പിറ്റേ ദിവസം പുലർച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. തകർന്ന പെരിയവരൈ പാലം രക്ഷാ പ്രവർത്തകരുടെ വഴി മുടക്കി. എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പടെയുള്ള സേനകൾ സ്ഥലത്ത് എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപകടത്തിൽപ്പെട്ട 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ടു. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാല് പേർ ഇന്നും ഈ മണ്ണിനടിയിൽ എവിടെയോ ഉണ്ട്.
Adjust Story Font
16