'ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ'; എം.കെ രാഘവൻ
''ഞാൻ ഒരു പാർട്ട് ടൈം എം.പിയല്ല, 24 മണിക്കൂറാണ് എന്റെ പ്രവർത്തനസമയം''
കോഴിക്കോട്: വ്യക്തി ബന്ധങ്ങളിലൂടെയുള്ള വോട്ടുകൾ മാത്രമല്ല, രാഷ്ട്രീയം പറഞ്ഞു തന്നെയാണ് വോട്ട് തേടുന്നതെന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ. മീഡിയവൺ 'ദേശീയപാത' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ ഒരു പാർട്ട് ടൈം എം.പിയല്ല, 24 മണിക്കൂറാണ് എന്റെ പ്രവർത്തനസമയം. എന്റെ വീടും ഓഫീസും അങ്ങനെയാണ്. എല്ലാ ദിവസവും രാവിലെ മുതൽ രാത്രിവരെ എന്തെങ്കിലും വിഷയമുണ്ടാകും. ഒരു വിഷയത്തിൽ നിന്നും മാറി നിന്നിട്ടില്ല. എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. ഏതെങ്കിലും വിഭാഗമായി എതിർപ്പോ അടുപ്പമോ ഇല്ല. എന്റെ രാഷ്ട്രീയം ശക്തമായി ഉയർത്തിപ്പിടിക്കുന്ന ആളാണ് ഞാൻ'.. എം.കെ രാഘവന്‍ പറഞ്ഞു.
'സി.എ.എക്കെതിരെ അതിശക്തമായി എതിർത്ത് മുദ്രാവാക്യം വിളിച്ചയാളാണ് ഞാനടക്കമുള്ള കോൺഗ്രസ് എം.പിമാർ.ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ദേശീയ തലത്തിൽ കോൺഗ്രസിന് ഒരു നയമുണ്ട്. സി.പി.എമ്മിന് ലോക്‌സഭയിൽ എന്തു ചെയ്യാൻ സാധിക്കും? ബി.ജെ.പിയെ താഴെയിറക്കാൻ സി.പി.എമ്മിന് കഴിയുമോ?.. രാഹുൽ ഗാന്ധിയെ പോലെ ദേശീയ രാഷ്ട്രീയത്തിൽ മോദിയെയും അമിത് ഷായെയും ഇത്ര ശക്തമായി എതിർക്കുന്ന ഏതെങ്കിലും നേതാവ് വേറെയുണ്ടോ?.. എം.കെ രാഘവന്‍ ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചും എം.കെ രാഘവന്‍ പ്രതികരിച്ചു. എത്ര ആളുകൾ പോയാലും കോൺഗ്രസ് പാർട്ടി അതിശക്തമായി തന്നെ നിലനിൽക്കും..ആരുപോയാലും അതിലൊന്നും ഒരു ആശങ്കയുമില്ല. ആരൊക്കെ ബി.ജെ.പിയിൽ പോയാലും താൻ പോകില്ലെന്ന് ഉറപ്പിച്ച് പറയുമെന്നും എം.കെ രാഘവൻ പറഞ്ഞു.
Adjust Story Font
16