Quantcast

'പത്രത്തിൽ ഒരു ക്ഷണക്കത്ത്, വിരുന്നുകാർക്ക് നാരങ്ങാവെള്ളം': ഉമ്മൻചാണ്ടിയുടെ ആ സിമ്പിൾ കല്യാണം

തലേദിവസം പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് അടുത്തറിയാവുന്നവർ പോലും വിവാഹക്കാര്യം അറിയുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-18 09:28:50.0

Published:

18 July 2023 9:27 AM GMT

പത്രത്തിൽ ഒരു ക്ഷണക്കത്ത്, വിരുന്നുകാർക്ക് നാരങ്ങാവെള്ളം: ഉമ്മൻചാണ്ടിയുടെ ആ സിമ്പിൾ കല്യാണം
X

ഉമ്മൻചാണ്ടിയുടെ വിവാഹചിത്രം 

'മെയ് മുപ്പതിന് ഞാൻ വിവാഹിതനാവുകയാണ്. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരു അറിയിപ്പായി കരുതുമല്ലോ' 1977 മെയ് 29ന് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ വന്ന കുറിപ്പാണിത്. ജനകീയ നേതാവ് സാക്ഷാൽ ഉമ്മൻചാണ്ടിയുടെ വിവാഹക്ഷണക്കത്ത്. ആഢംബരമോ ആർഭാടമോ ഇല്ലാതെ ലളിതമായ ഒരു ചടങ്ങിലാണ് ഉമ്മൻചാണ്ടി ആലപ്പുഴ കരുവാറ്റ സ്വദേശിയായ മറിയാമ്മയുടെ കൈപിടിക്കുന്നത്.


ഉമ്മൻചാണ്ടി ആർക്കും ക്ഷണക്കത്ത് കൊടുത്തില്ല, ആരെയും പ്രത്യേകം ക്ഷണിച്ചില്ല. തലേദിവസം പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് അടുത്തറിയാവുന്നവർ പോലും വിവാഹക്കാര്യം അറിയുന്നത്. പാമ്പാടി ദയറയിൽ വച്ച് നടന്ന ചടങ്ങിൽ വിഭവസമൃദ്ധമായ ഭക്ഷണം ക്രമീകരിച്ചിരുന്നില്ല, പകരം ദയറയിൽ നിന്നു തന്നെ നാരങ്ങാവെള്ളം തയ്യാറാക്കി വന്നവർക്കു നൽകുകയായിരുന്നു.


എല്ലാവരെയും നേരിട്ട് വിളിക്കാൻ സാധ്യമല്ലാത്തതിനാലാണ് പത്രത്തിലൂടെ പരസ്യം നല്‍കിയതെന്നായിരുന്നു ഇതേപ്പറ്റി ഉമ്മൻചാണ്ടി പിന്നീട് പറഞ്ഞത്. കേട്ടറിഞ്ഞ് പലരും കോട്ടയത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നെന്ന് 'കാൽനൂറ്റാണ്ട്' എന്ന പുസ്തകത്തിൽ ചെറിയാൻ ഫിലിപ്പ് ഓർക്കുന്നുണ്ട്.

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിനിടെയാണ് വിവാഹം ഉറപ്പിക്കുന്നത്. അക്കാലത്ത് മണവാളന്റെ കൈപ്പടയിൽ മണവാട്ടിയായ മറിയാമ്മയ്ക്ക് ഒരു പ്രണയലേഖനം കിട്ടി. 'തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ' ഇതായിരുന്നു ആ കത്തിലെ വാചകം. തന്റെ ദീർഘമായ പ്രണയലേഖനങ്ങൾക്ക് പലപ്പോഴും ഒറ്റവാക്കിലൂടെ മറുപടി നൽകിയിരുന്ന തിരക്കേറിയ ജനനായകനെക്കുറിച്ച് മറിയാമ്മ പലപ്പോഴായി പരാതിപ്പെട്ടിട്ടുമുണ്ട്.


'അദ്ദേഹം അഹങ്കാരിയല്ല, ഒന്നിലും നിയന്ത്രിക്കാൻ ശ്രമിക്കില്ല, അപൂർവ്വമായി ദേഷ്യപ്പെടാറുണ്ട്. എല്ലാത്തിലും പൂർണ സ്വാതന്ത്ര്യമുണ്ട്. വ്യക്തിയുടെ ബാഹ്യരൂപമോ നന്നായി വസ്ത്രം ധരിച്ച പങ്കാളിയോ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കില്ല. ജനങ്ങളോടും നിയോജക മണ്ഡലത്തോടും ആണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ'- ഇതും അതേ മറിയാമ്മയുടെ വാക്കുകളാണ്.

TAGS :

Next Story