കാലുകൊണ്ട് എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ ഇടപെടൽ: ആസിമിന് കരുത്തായതും ആ കരുതൽ
പ്രിയ നേതാവിന്റെ വിയോഗം ആസിമിന്റെ കുടുംബത്തിന് താങ്ങാനാവാത്ത ദുഃഖമാണ്.
കോഴിക്കോട്: ഏറ്റവും പ്രിയപ്പെട്ട ജനപ്രതിനിധിയുടെ വിയോഗം വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. വൈകല്യത്തെ തോൽപ്പിക്കാനുള്ള ആസിമിന്റെ യാത്രയിൽ ഉമ്മൻചാണ്ടി വഹിച്ച പങ്ക് വലുതാണ്. ഒരു എൽ.പി.സ്കൂളിനെ ആസിമിനായി മാത്രം യു.പി സ്കൂളായി മാറ്റുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി.
ഇരു കൈകളുമില്ലാത്ത ആസിം 2014 ലാണ് തന്റെ നാലാം ക്ലാസ് പഠനം പൂർത്തിയാക്കിയത്. അന്ന് തുടർപഠനം ആസിമിന് മുന്നിൽ വലിയ ചോദ്യചിഹ്നമായി. കിലോമീറ്ററുകൾ അകലെയുള്ള യു.പി.സ്കൂളിലെത്തുകയെന്നത് അവന് അസാധ്യമായിരുന്നു.
പഠിക്കാനുള്ള തന്റെ ആഗ്രഹവുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമീപിച്ചു. വെളിമണ്ണ ജി.എൽ.പി സ്കൂൾ, യുപി സ്കൂളായി ഉയർത്തണം എന്ന് അപേക്ഷിച്ച് കാലു കൊണ്ട് ആസിം ഒരു കത്തും എഴുതി. വിഷയം ശ്രദ്ധയിൽപെട്ട ഉമ്മൻചാണ്ടി ഏറ്റവും അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.
പ്രിയ നേതാവിന്റെ വിയോഗം ആസിമിന്റെ കുടുംബത്തിന് താങ്ങാനാവാത്ത ദുഃഖമാണ്. തന്നെ സമീപിച്ച ഒരോരുത്തർക്കും പ്രത്യേകം പരിഗണന നൽകാൻ ഉമ്മൻചാണ്ടി മടിച്ചിരുന്നില്ല. ആസിമിനെ പോലെ നിരവധിപേർക്കാണ് ആ കരുതൽ കരുത്തായ് മാറിയത്.
Adjust Story Font
16