തിരുവനന്തപുരത്തും കോട്ടയത്തുമൊരു 'പുതുപ്പള്ളി ഹൗസ്'; മരണം വരെ കൈവിടാത്ത ജന്മനാട്, നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്
മുഖ്യമന്ത്രിയായപ്പോഴടക്കം എല്ലാ ആഴ്ചയും തറവാട്ടുവീട്ടിലെത്തി, പുതുപ്പള്ളിക്കാരെ കാണാനായി മാത്രം. വീട്ടിലെത്തുമ്പോഴേക്കും ആവലാതികളും പരാതിക്കെട്ടുകളുമായി ജനക്കൂട്ടമായിരിക്കും മുന്നിൽ. ഒരാളെയും വിടാതെ, ഓരോരുത്തരെയും കണ്ടും കേട്ടും അവരുടെ നോവിൽ ആശ്വാസത്തിന്റെ മരുന്ന് പുരട്ടും അദ്ദേഹം
കോട്ടയം: തിരുവനന്തപുരത്ത് വീട് വച്ചപ്പോഴും പേര് 'പുതുപ്പള്ളി ഹൗസ്'! ഒരു നാടിനെ ഇങ്ങനെ നെഞ്ചോട് ചേർത്തൊരു നേതാവ് കേരളരാഷ്ട്രീയത്തിൽ അപൂർവമായിരിക്കും. നീണ്ട അരനൂറ്റാണ്ട് പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയ നേതാവ്. അതിൽ മുഖ്യമന്ത്രിയായി, പ്രതിപക്ഷ നേതാവായി, മന്ത്രിയായി.. ഒരിക്കലും പുതുപ്പള്ളിയിൽ അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എത്താത്തൊരു ആഴ്ച കടന്നുപോയിട്ടില്ല; ലോകത്തെ മൊത്തം വീടുകൾക്കുള്ളിലേക്ക് തളച്ചിട്ട കോവിഡ് കാലത്തൊഴികെ.
പുതുപ്പള്ളിക്കാർക്ക് ജീവനായിരുന്നു ഉമ്മൻചാണ്ടി. ആദ്യമായി തെരഞ്ഞെടുപ്പ് നിയമസഭയിലേക്ക് അയച്ചതിനുശേഷം ഒരൊറ്റ തവണ പോലും പുതുപ്പള്ളിക്കാർ അദ്ദേഹത്തെ കൈവിട്ടില്ല. 'കുഞ്ഞൂഞ്ഞ്' ആയിരുന്നു അവർക്ക്. വേദനയും വിരഹവും സന്തോഷവും ആഘോഷവുമെല്ലാം അവർ പങ്കിടാൻ ആഗ്രഹിച്ചത് പ്രിയ നേതാവിനൊപ്പം.
പുതുപ്പള്ളിക്കാരെ തിരിച്ചും കുഞ്ഞൂഞ്ഞ് ഒരുകാലത്തും മറന്നില്ല, കൈവിട്ടില്ല. മുഖ്യമന്ത്രിയായപ്പോഴടക്കം എല്ലാ ആഴ്ചയും അദ്ദേഹം തറവാട്ടുവീട്ടിലെത്തി, പുതുപ്പള്ളിക്കാരെ കാണാൻ വേണ്ടി മാത്രം. വീട്ടിലെത്തുമ്പോഴേക്കും ആവലാതികളും പരാതിക്കെട്ടുകളുമായി ജനക്കൂട്ടമായിരിക്കും മുന്നിൽ. ഒരാളെയും വിടാതെ, ഓരോരുത്തരെയും കണ്ടും കേട്ടും അവരുടെ നോവിൽ ആശ്വാസത്തിന്റെ മരുന്ന് പുരട്ടും അദ്ദേഹം.
പുതുപ്പള്ളിക്കാർപ്പൊപ്പം തന്നെ ജീവനാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയും. നാട്ടിലുണ്ടെങ്കിൽ എങ്ങനെയെങ്കിലും ഞായറാഴ്ചകളിൽ നാട്ടിലെത്തും. നാട്ടുകാരെ കാണുന്നതോടൊപ്പം പള്ളിയിലെ പ്രാർത്ഥനയ്ക്കു കൂടലാണ് ലക്ഷ്യം. തന്റെ രാഷ്ട്രീയജീവിതവുമായി വേർപിരിക്കാനാകാത്ത ബന്ധമുണ്ട് പള്ളിക്കുമെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. രാഷ്ട്രീയരംഗത്തെ ഉയർച്ചയിലും താഴ്ച്ചയിലും വളർച്ചയിലും പ്രതിസന്ധിയിലുമെല്ലാം തുണയായത് പള്ളിയായിരുന്നു. അവിടെയെത്തിയുള്ള പ്രാർത്ഥനയിൽ മനസിലെ എല്ലാ കാർമേഘവും ഒഴിഞ്ഞുപോകും.
തുടർച്ചയായി 12 തവണയാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1970ലായിരുന്നു പുതുപ്പള്ളിയുടെ ജനഹൃദയത്തിലേക്കുള്ള ആ യാത്രയ്ക്കു തുടക്കമിട്ടത്. സി.പി.എം നേതാവായിരുന്ന ഇ.എം ജോർജിനെ ഏഴായിരത്തിൽപരം വോട്ടിന് തോൽപിച്ചായിരുന്നു ആദ്യ ജയം. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016.. അവസാനം 2021ലും പുതുപ്പള്ളി വൻ ഭൂരിപക്ഷത്തിനു തന്നെ സ്വന്തം കുഞ്ഞൂഞ്ഞിനെ തിരുവനന്തപുരത്തേക്ക് അയച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ 1977ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978ൽ എ.കെ ആന്റണി മന്ത്രിസഭയിലും തൊഴിൽ മന്ത്രിയായി. 1981-1982 കാലയളവിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് എന്ന സുപ്രധാന ചുമതലയിലുമെത്തി. 1991-1995ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയുമായി. 2004ൽ എ.കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയും യു.ഡി.എഫ് മുന്നണിയും വിശ്വസിച്ച് ആ ദൗത്യം ഏൽപിച്ചത് ഉമ്മൻചാണ്ടിയെ. രണ്ടുവർഷം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ പദവിയിൽ തുടർന്നു. പിന്നീട് അധികാരം നഷ്ടമായെങ്കിലും 2011ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലേറി. 2016 വരെ ജനസമ്പർക്കം ഉൾപ്പെടെയുള്ള ജനകീയ പരിപാടികളുമായും സോളാർ ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടയിലും ഒരേ ഭാവത്തോടെ, ഒരേ കരുത്തോടെ, ഒരു ഉലച്ചിലുമില്ലാതെ ഉമ്മൻചാണ്ടി തുടർന്നു.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ പഠനത്തിനുശേഷം കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ് എന്നിവിടങ്ങളിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എറണാകുളം ലോ കോളജിൽനിന്ന് നിയമബിരുദവും സമ്പാദിച്ചു.
Summary: Oommen chandy and relation with Puthuppally
Adjust Story Font
16