Quantcast

ബന്ധുക്കൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്‌ത്രീയ ചികിത്സ കിട്ടുന്നില്ല; വീണ്ടും സർക്കാറിനെ സമീപിച്ച് സഹോദരൻ

വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസമുണ്ടായാൽ അത് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അതാത് ദിവസത്തെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുന്നതിന് ഏർപ്പാട് ചെയ്യണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-13 04:28:32.0

Published:

13 April 2023 4:16 AM GMT

alex v chandy
X

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണം എന്ന് ആവശ്യപ്പെട്ട് സഹോദരൻ അലക്സ് വി.ചാണ്ടി വീണ്ടും സർക്കാരിനെ സമീപിച്ചു. അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല. ബെംഗളൂരു എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണമെന്നാണ് സഹോദരന്റെ ആവശ്യം.

ഇത് രണ്ടാംവട്ടമാണ് അലക്സ് വി ചാണ്ടി സർക്കാരിന് കത്തയക്കുന്നത്. കുടുംബാംഗങ്ങൾ മാത്രമാണ് ബെംഗളൂരു എച്ച് സി ജി ആശുപത്രിയിൽ ഉമ്മൻചാണ്ടിക്ക് ഒപ്പമുള്ളത്. ശാസ്ത്രീയമായ മെഡിക്കൽ ചികിത്സ സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും അദ്ദേഹത്തിന് സ്വതന്ത്രവും തൃപ്തികരവുമായ ചികിത്സ ആശുപത്രിയിൽ നിന്നും ലഭ്യമാക്കുന്നതിന് തടസമായി വരുന്നു എന്നും കത്തിൽ അലക്സ് വി ചാണ്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്പോൾ ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥ, ലഭിക്കുന്ന ചികിത്സകൾ പര്യാപ്തമാണോ, മറ്റ് ചികിത്സാരീതികൾ ആവശ്യമാണോ എന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമിച്ച മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ അത്യന്താപേക്ഷിതമാണ് വന്നിരിക്കുകയാണ്. അതിനാൽ, വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കത്തിൽ അലക്സ് വി ചാണ്ടി ആവശ്യപ്പെട്ടു. വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസമുണ്ടായാൽ അത് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അതാത് ദിവസത്തെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുന്നതിന് ഏർപ്പാട് ചെയ്യണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മൻചാണ്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ കുടുംബം നല്കുന്നില്ലെന്ന ആരോപണവുമായി അലക്സ് വി ചാണ്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇടപെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിരുന്ന ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യപുരോഗതി വിലയിരുത്താൻ നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുതമ്പിയുടെ നേത്യത്വത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story