Quantcast

''ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല; എന്നിട്ടും ചോദിച്ചത് നിമിഷപ്രിയയെക്കുറിച്ച്''; ഉമ്മൻചാണ്ടിയെക്കുറിച്ച് യൂസുഫലി

''വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളുമായി മാത്രമാണ് എനിക്ക് വ്യക്തിപരമായും കുടുംബപരമായും ബന്ധമുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ഉമ്മൻചാണ്ടി.''

MediaOne Logo

Web Desk

  • Published:

    1 Nov 2022 3:06 AM GMT

ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല; എന്നിട്ടും ചോദിച്ചത് നിമിഷപ്രിയയെക്കുറിച്ച്; ഉമ്മൻചാണ്ടിയെക്കുറിച്ച് യൂസുഫലി
X

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 79-ാം പിറന്നാൾദിനത്തിൽ ആശംസ നേർന്ന് വ്യവസായി എം.എ യൂസുഫലി. ആരോഗ്യപരമായ അവശതയ്ക്കിടയിലും യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചതെന്ന് യൂസുഫലി വെളിപ്പെടുത്തി. രാഷ്ട്രീയത്തിൽ വ്യക്തിപരമായും കുടുംബപരമായും സൗഹൃദം പുലർത്തുന്ന അപൂർവ നേതാവാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പാലസിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂസുഫലി. ''ശബ്ദം പുറത്തുവരാൻ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം നിമിഷപ്രിയയുടെ കാര്യമാണ് ചോദിച്ചത്. നിമിഷപ്രിയയുടെ വിഷയം എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. വലിയ സങ്കടമാണ് കാര്യമെന്ന് പറഞ്ഞു. അദ്ദേഹത്തിന് വിഷയത്തിന്റെ വിശദാംശങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.''-അദ്ദേഹം വെളിപ്പെടുത്തി.

''വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളുമായി മാത്രമാണ് എനിക്ക് വ്യക്തിപരമായും കുടുംബപരമായും ബന്ധമുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ഉമ്മൻചാണ്ടി. അദ്ദേഹവുമായി നല്ല സ്‌നേഹവും ബന്ധവുമുണ്ട്. അദ്ദേഹം രോഗവുമായി ആശുപത്രിയിൽ കിടക്കാറുള്ള സമയത്തെല്ലാം വിളിച്ചുചോദിക്കാറുണ്ട്.''

നാട്ടിൽ വന്നപ്പോൾ ആശുപത്രിയിൽ പോയി കാണാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് പിറന്നാൾ വിവരം അറിയുന്നത്. ഇവിടെയുണ്ടെന്ന് പറഞ്ഞപ്പോൾ വന്നുകണ്ടതാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ജനകീയനും നിസ്വാർത്ഥനും സ്‌നേഹസമ്പന്നനുമായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും യൂസുഫലി പറഞ്ഞു.

അതേസമയം, നിമിഷപ്രിയയുടെ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനായി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പുനൽകാൻ സമ്മതിച്ചിട്ടില്ല. കുറച്ചുപേരുടെ സമ്മതമേ ലഭിച്ചിട്ടുള്ളൂ. അവിടത്തെ കച്ചവടക്കാരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. യമൻ ആയതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടാണ് കാര്യങ്ങൾ. എന്നാലും, നമ്മളാൽ ആകുന്നത് ചെയ്യും. ശുഭപ്രതീക്ഷയുണ്ട്. കുട്ടിയെ തിരിച്ചുകൊണ്ടുവരണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും യൂസുഫലി വ്യക്തമാക്കി.

പതിവിൽനിന്നു വ്യത്യസ്തമായി കേക്ക് മുറിച്ചായിരുന്നു ഇത്തവണ ഉമ്മൻചാണ്ടിയുടെ പിറന്നാൾ ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖരാണ് ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസ നേരാനെത്തിയത്. മുഖ്യമന്ത്രിക്കും യൂസുഫലിക്കും പുറമെ സ്പീക്കർ എ.എൻ ഷംസീർ, നടൻ മമ്മൂട്ടി തുടങ്ങിയവർ ആലുവയിലെ ഗസ്റ്റ് ഹൗസിൽ നേരിട്ടെത്തിയാണ് ആശംസ നേർന്നത്.

Summary: ''Oommen Chandy asked about the Malayali nurse Nimisha Priya, who was sentenced to death in Yemen, despite his poor health'', says Lulu Group Chairman MA Yusuffali after meeting the former Kerala CM on his 79th birthday

TAGS :

Next Story