Quantcast

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; സിപിഎം നേതാക്കളടക്കമുള്ളവരെ വിട്ടയച്ചു

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ബിജു പറമ്പത്തിന് മാത്രമാണ് നിലവിൽ സി.പി.എമ്മുമായി ബന്ധമുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-03-27 07:32:49.0

Published:

27 March 2023 7:04 AM GMT

Oommen Chandy, stone pelting case,  accused,  CPM leaders,released,
X

കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ ഉമ്മൻചാണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. മുൻ സി.പി.എം പ്രവർത്തകനായ സി.ഒ.ടി. നസിർ, ബിജു പറമ്പത്ത്, ദീപക് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി കണ്ടെത്തിയത്. ഐ. പി.സി 324 പ്രകാരം ദീപക്കിന് മൂന്നു വർഷം കഠിന തടവും മറ്റ് രണ്ട് പേർക്ക് പി.ഡി.പി.പി ആക്ട് പ്രകാരം സാധാരണ തടവും ശിക്ഷയായി വിധിച്ചു. 113 പേർക്കെതിരെയായിരുന്നു കേസെടുത്തത്. ഇതിൽ 110 പേരെ കോടതി വെറുതെ വിട്ടു.

ആദ്യ അഞ്ച് പ്രതികളും സി.പി.എമ്മിന്‍റെ പ്രധാനപ്പെട്ട നേതാക്കളുമായ സി. കൃഷ്ണൻ, കെ.കെ.നാരായണൻ,ബിനോയ്‌ കുര്യൻ, ശബരീഷ്, ബിജു കണ്ടകൈ തുടങ്ങിയവരെ കോടതി വെറുതെ വിട്ടു. നിലവിൽ 18,88,99 പ്രതികളെയാണ് ശിക്ഷിച്ചിരിക്കുന്നത്. മുൻ സി.പി.എം പ്രവർത്തകനായ സി.ഒ.ടി. നസിർ സി.പി.എമ്മുമായി പിരിഞ്ഞതിന് ശേഷം തലശേരി ഗസ്റ്റ് ഓഫിസിൽവെച്ച് ഉമ്മൻചാണ്ടിയെ നേരിട്ട് കാണുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം കേസിൽ വഴിത്തിരിവാണെന്നും പ്രതി കുറ്റം സമ്മതിച്ചാണെന്നും കോടതി പറഞ്ഞു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ബിജു പറമ്പത്തിന് മാത്രമാണ് നിലവിൽ സി.പി.എമ്മുമായി ബന്ധമുള്ളത്.

[ഐ.പി.സി 326] മാരകമായി മുറിവേൽപ്പിക്കൽ, പി.ഡി.പി.പി ആക്ട് എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2013 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി കണ്ണൂർ പൊലീസ് മൈതാനിയിൽ പൊലീസ് കായികമേള ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോള്‍ സോളാർ കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവത്തകർ പ്രതിഷേധിക്കുകയും മുഖ്യമന്ത്രിയെ ആക്രമിക്കുകയുമായിരുന്നു . അന്ന് ഉമ്മൻചാണ്ടിക്കൊപ്പം വാഹനത്തിൽ കെ.സി ജോസഫും ടി.സിദ്ധിഖും ഉണ്ടായിരുന്നു. ഇവർ ഇരുവർക്കും അന്ന് പരിക്കേറ്റിരുന്നു. വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേർത്താണ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

TAGS :

Next Story