ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ വീട് വെക്കുന്നു; വീടിനോട് ചേര്‍ന്ന് എം.എല്‍.എ ഓഫീസും നിർമ്മിക്കും
എം.എല്‍.എമാർക്ക് ലഭിക്കുന്ന ഭവന വായ്പ ഉപയോഗിച്ചാണ് വീടുവെക്കാന്‍ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് എന്ന വിലാസം ഇനി മുതല്‍ പുതുപ്പള്ളി പോസ്റ്റ് ഓഫീസിന് കീഴിലും ഉണ്ടാകും. മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ വീടുവെച്ച് താമസിക്കാന്‍ തീരുമാനിച്ചു. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്ത് എം.എല്‍.എ ഓഫീസടക്കം നിർമിക്കാനാണ് തീരുമാനം.
അരനൂറ്റാണ്ടിലധികമായി പുതുപ്പള്ളിയോടൊപ്പം ചേർത്ത് വായിക്കുന്ന പേരാണ് ഉമ്മന്‍ ചാണ്ടിയുടേത്. പുതുപ്പള്ളിക്കാരുടെ ഉമ്മന്‍ ചാണ്ടിയായി വളർന്നതെല്ലാം തറവാടായ കരോട്ട് വള്ളക്കാലില്‍ നിന്നായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് പുതുപ്പള്ളി ഹൗസ് എന്ന് പേരിട്ട വീട്ടിലേക്ക് മാറി.
മുഖ്യമന്ത്രിയായപ്പോഴും ഞായറാഴ്ചകളില്‍ തറവാട്ടിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനങ്ങള്‍. എന്നാല്‍ കുടുംബസ്വത്ത് വീതം വെച്ചതോടെ പുതുപ്പള്ളി ടൗണില്‍ തന്നെ ഒരേക്കർ ഭൂമി വിഹിതമായി ലഭിച്ചു. ഇതോടെയാണ് ഇവിടെ സ്വന്തമായി ഒരു വീടുവെക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത്.
എം.എല്‍.എമാർക്ക് ലഭിക്കുന്ന ഭവന വായ്പ ഉപയോഗിച്ചാണ് വീടുവെക്കാന്‍ ഉദ്ദേശിക്കുന്നത്. കരോട്ട് വള്ളക്കാലിലെ കുടുംബ വീട്ടിൽ സഹോദരൻ അലക്സ് ചാണ്ടിയാണ് താമസം. സഹോദരിയും സമീപത്തുതന്നെ താമസമുണ്ട്. വീടുപണി പൂർത്തിയായാല്‍ പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ ചാണ്ടി താമസം മാറും.
ഉമ്മന്‍ ചാണ്ടിയുടെ വീടുവെപ്പും എം.എല്‍.എ ഓഫീസ് പണിയുമെല്ലാം രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമാണെന്നും ചിലർ പറയുന്നുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് വന്‍ തോതില്‍ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇതില്‍ നിന്ന് തിരിച്ചുവരാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് വീടുവെപ്പെന്നും സൂചനയുണ്ട്.
Adjust Story Font
16