Quantcast

മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ: എസ്. മണികുമാറിന്‍റെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷം

സ്പ്രിംഗ്ലർ, ബ്രൂവെറി, പമ്പാ മണൽക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിയവയിലെല്ലാം തീരുമാനമെടുക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് ജസ്റ്റിസ് മണികുമാറെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-08-07 12:32:47.0

Published:

7 Aug 2023 12:30 PM GMT

Opposition against appointment of S Manikumar as Human Rights Commission chairman, Justice S Manikumar, Opposition leader VD Satheesan
X

വി.ഡി സതീശന്‍, എസ്. മണികുമാര്‍

തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കിയതിനെതിരെ പ്രതിപക്ഷം. ഏകപക്ഷീയമായാണു പേരു തീരുമാനിച്ചതെന്നും നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമനം ഉദ്ദിഷ്ടകാര്യങ്ങൾക്കുള്ള ഉപകാരസ്മരണയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

നിലവിലുള്ള കീഴ്‌വഴക്കങ്ങൾ അനുസരിച്ച് അർഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സനെ തെരഞ്ഞെടുക്കാറുള്ളൂവെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. മണികുമാറിന്റെ കാര്യത്തിൽ ഇതുണ്ടായില്ല. തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തിൽ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ, മനുഷ്യാവകാശ കമ്മീഷന് ആവശ്യമായ രീതിയിൽ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്. വിശദവിവരങ്ങൾ പോലും മുൻകൂട്ടി നൽകാതെ സർക്കാർ ഏകപക്ഷീയമായെടുത്ത തീരുമാനം മേൽപ്പറഞ്ഞ സംശയം ബലപ്പെടുത്തുന്നതാണ്. റിട്ട. ജസ്റ്റിസ് മണികുമാറിനെ കമ്മിഷൻ ചെയർപേഴ്സനായി നിയമിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ട ഉന്നത സ്ഥാനത്തേക്ക് ജനാധിപത്യമൂല്യങ്ങൾ ഹനിച്ചുകൊണ്ട് എടുക്കുന്ന തീരുമാനത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി അപേക്ഷകളിൽ തീരുമാനമെടുക്കാതെ അതിന്റെ മുകളിൽ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാറെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

സ്പ്രിംഗ്ലർ, ബ്രൂവെറി, പമ്പാ മണൽക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിയവയിലെല്ലാം തീരുമാനമെടുക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് അദ്ദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ നിരന്തര പോരാട്ടം കാരണം സർക്കാരിന് ഇവയിൽനിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു. അന്നെല്ലാം സർക്കാരിനെതിരെ തെളിവുകൾ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സർക്കാരിനെ സഹായിക്കുന്ന നിലപാടുകൾ എടുത്തയാളെത്തന്നെ സൂപ്രധാന പദവിയിൽ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു.

Summary: Opposition against making S Manikumar, Former High Court Chief Justice, as the chairman of Human Rights Commission. Opposition leader VD Satheesan said that the name was decided unilaterally and the process was undemocratic

TAGS :

Next Story