മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം
ആഭ്യന്തര വകുപ്പ് അറിഞ്ഞാണ് ഉത്തരവെന്നതിന് തെളിവുണ്ട്. സമയമാകുമ്പോൾ പുറത്തുവിടുമെന്ന് കെ സുധാകരന്‍
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‍നാടിന് സർക്കാർ അനുമതി നൽകിയത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഉത്തരവ് സർക്കാർ റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വനം വകുപ്പ് നടപടിക്കെതിരെ ഭരണ പക്ഷത്തുനിന്നും പരസ്യ വിമർശമുയർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി.
തെളിവ് സമയമാകുമ്പോള്‍ പുറത്തുവിടുമെന്ന് സുധാകരന്‍
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാൻ ബേബി ഡാമിലെ മരങ്ങൾ മുറിക്കണമെന്ന തമിഴ്‍നാടിന്‍റെ ആവശ്യത്തിന് സർക്കാർ വഴങ്ങിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്. മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിമർശിച്ചു. ആഭ്യന്തര വകുപ്പ് അറിഞ്ഞാണ് ഉത്തരവെന്നതിന് തെളിവുണ്ട്. സമയമാകുമ്പോൾ പുറത്തുവിടും. വിഷയത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണം. ഒന്നും അറിഞ്ഞില്ലെന്ന് പറയുന്ന വനം മന്ത്രി ആ സ്ഥാനത്ത് ഇരിക്കണോ എന്ന് അദ്ദേഹം ചിന്തിക്കട്ടെ. തമിഴ്നാടിന്‍റെ താൽപര്യങ്ങളെയാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല
മരം മുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ആപത്കരമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരാണോയെന്ന് ഡീന്‍
കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരാണോ എന്ന് സംശയിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. കേരളത്തിലെ വനംമന്ത്രി അറിയാതെ തമിഴ്നാടിന് മുല്ലപ്പെരിയാറിൽ മരംമുറിക്കുന്നതിന് അനുമതി നൽകിയതിലൂടെ വ്യക്തമായിരിക്കുന്നത് മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാരിന്‍റെ നിലപാടാണ്. തുടക്കം മുതൽ സർക്കാർ നിലപാടിൽ ദുരൂഹത ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ആരോപിക്കുകയുണ്ടായി.
മരം വെട്ടാനുള്ള അനുമതി ഉടൻ റദ്ദാക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി അറിയാതെയാണ് ഉദ്യോഗസ്ഥൻ തീരുമാനമെടുത്തതെങ്കിൽ ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഉദ്യോഗസ്ഥർ അനുമതി നൽകി എന്ന് പറഞ്ഞ് കൈ കഴുകാൻ ആവില്ല. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.
Adjust Story Font
16