അശാസ്ത്രീയ അടച്ചിടല്‍ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു; ദുഃഖങ്ങൾ കാണാൻ സർക്കാരിന് കണ്ണും കാതും ഉണ്ടാകണമെന്ന് പ്രതിപക്ഷം
ഇരട്ട സഹോദരങ്ങളായ നസീർ ഖാന്‍റെയും നിസാർ ഖാന്‍റെയും ആത്മഹത്യയ്ക്ക് കാരണം ബാങ്ക് ഉദ്യോഗസ്ഥരുടെ നിരന്തര ഭീഷണിയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ ആരോപിച്ചു
സംസ്ഥാനം ആത്മഹത്യ മുനമ്പിലെന്ന് പ്രതിപക്ഷം. അശാസ്ത്രീയ അടച്ചിടലാണ് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. കോട്ടയത്ത് ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യക്ക് കാരണം ബാങ്കിന്‍റെ ജപ്തി ഭീഷണിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സർഫാസി നിയമപ്രകാരം നോട്ടീസ് നൽകിയെങ്കിലും ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയിരുന്നില്ലെന്ന് സഹകരണമന്ത്രി മറുപടി നൽകി. സംഭവത്തിൽ ബാങ്കിന്‍റെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇരട്ട സഹോദരങ്ങളായ നസീർ ഖാന്‍റെയും നിസാർ ഖാന്‍റെയും ആത്മഹത്യയ്ക്ക് കാരണം ബാങ്ക് ഉദ്യോഗസ്ഥരുടെ നിരന്തര ഭീഷണിയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ ആരോപിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ അസമയത്തും വീട്ടിലെത്തി ഭീഷണിപ്പെടുത്തി. യുവാക്കളുടെ അമ്മയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നു. സംസ്ഥാനത്ത് ആത്മഹത്യാപരമ്പരയെന്നും തിരുവഞ്ചൂർ ആരോപിച്ചു.
അടച്ചിടലിന്‍റെ സാമൂഹ്യ പ്രത്യാഘാതം മനസ്സിലാക്കാൻ വിമുഖത കാട്ടിയാൽ സർക്കാർ പ്രതിക്കൂട്ടിൽ ആകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിടിച്ചുനിൽക്കാനാവാതെ ജനം ആത്മഹത്യയിലേക്ക് പോകുന്നു. അവിടെയാണ് സഹായവുമായി സർക്കാർ ഉണ്ടാകേണ്ടത് .ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആത്മഹത്യയിൽ അഭയം തേടുകയാണ്. ദുഃഖങ്ങൾ കാണാൻ സർക്കാരിന് കണ്ണും കാതും ഉണ്ടാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Adjust Story Font
16