കേരളീയം പരിപാടിക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ; വിമർശനവുമായി പ്രതിപക്ഷം
കേരളീയം പരിപാടിക്ക് മാത്രമായി അപേക്ഷ ക്ഷണിച്ചത് ഡി.വൈ.എഫ്.ഐക്കാരെ തിരുകിക്കയറ്റാനുള്ള തന്ത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം.
തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനം. ഇതിനായി പ്രത്യേക അപേക്ഷ ക്ഷണിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷ ആരോപണം.
കേരളീയം പരിപാടിക്ക് 100 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കുന്നതിനാണ് കേരളാ പൊലീസ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുറഞ്ഞത് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരും 18-നും 40-നും ഇടയിൽ പ്രായമുള്ളവരുമായ യുവതീ യുവാക്കൾക്ക് ഇതിന് അപേക്ഷിക്കാം. ഒക്ടോബർ 28 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. എന്നാൽ ഇത് ഡി.വൈ.എഫ്.ഐക്കാർ അടക്കമുള്ള പാർട്ടിക്കാർക്ക് പണം നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
താത്കാലികമായാണ് നിയമനം. അതും ഏഴ് ദിവസത്തേക്ക്. കേരളീയം കഴിയുന്നതോടെ ഇവരുടെ സേവനവും മതിയാക്കും. കേരളീയത്തിന്റെ ഭാഗമായുള്ള പരിപാടികൾ നടക്കുന്ന വേദികളിലാണ് ഇവരെ നിയോഗിക്കുക. അധിക പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യം വരുന്ന സമയങ്ങളിൽ ഇത്തരത്തിൽ താത്കാലിക നിയമനങ്ങൾ നടക്കാറുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ പിൻവാതിൽ നിയമനങ്ങളുടെ ഭാഗമാണ് ഇതെന്ന ആരോപണം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്താൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Adjust Story Font
16