Quantcast

പ്ലസ് വൺ സീറ്റുകളിലെ കുറവ്: ജില്ലകളിൽ സീറ്റുകള്‍ പുനക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി, ബാച്ച് കൂട്ടാതെ സീറ്റ് വർധിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് പ്രതിപക്ഷം

മലബാർ മേഖലയിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച കണക്കുകൾ എണ്ണി പറഞ്ഞ എം.കെ മുനീർ 20 ശതമാനം സീറ്റ് വർധനവെന്നത് നിയമ വിരുദ്ധമാണെന്ന വാദവും മുന്നോട്ട് വെച്ചു

MediaOne Logo

ijas

  • Updated:

    2021-08-03 07:07:51.0

Published:

3 Aug 2021 6:13 AM GMT

പ്ലസ് വൺ സീറ്റുകളിലെ കുറവ്: ജില്ലകളിൽ സീറ്റുകള്‍ പുനക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി, ബാച്ച് കൂട്ടാതെ സീറ്റ് വർധിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് പ്രതിപക്ഷം
X

വടക്കൻ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളിലെ കുറവ് സഭയിലുന്നയിച്ച് പ്രതിപക്ഷം. പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടുന്നില്ലെന്നും കഴിഞ്ഞ തവണ 75000 കുട്ടികളാണ് ഓപൺ സ്കൂളിൽ പഠിച്ചതെന്നും പ്രതിപക്ഷ സഭയില്‍ ഉന്നയിച്ചു. കുട്ടികൾക്ക് ആഗ്രഹിച്ച വിഷയമോ സ്കൂളോ ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഡോ.എം.കെ.മുനീര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന്മേൽ വിഷയം സഭയില്‍ അവതരിപ്പിച്ചത്.

അതെ സമയം മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജില്ലകളിൽ സീറ്റ് പുനക്രമീകരണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മറുപടി നല്‍കി. എം.എൽ.എമാരുമായി ആലോചിച്ച് വേണമെങ്കിൽ ഇനിയും സീറ്റ് വർധിപ്പിക്കാമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്‍റെ ആശങ്കകൾ ഒന്നും രണ്ടും അലോട്ട്മെന്‍റ് കഴിയുമ്പോൾ ഇല്ലാതാകുമെന്നായിരുന്നു മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ നോട്ടീസിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി.

മലബാർ മേഖലയിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച കണക്കുകൾ എണ്ണി പറഞ്ഞ എം.കെ മുനീർ 20 ശതമാനം സീറ്റ് വർധനവെന്നത് നിയമ വിരുദ്ധമാണെന്ന വാദവും മുന്നോട്ട് വെച്ചു. ഒമ്പത് ജില്ലകളിൽ സീറ്റുകൾ കുറവാണെന്ന് ചൂണ്ടികാട്ടിയ പ്രതിപക്ഷ നേതാവ് പ്രശ്ന പരിഹാരത്തിന് താലൂക്ക് തലത്തിൽ ബാച്ചുകൾ അനുവദിക്കുകയെന്ന ബദൽ നിർദേശവും മുന്നോട്ട് വെച്ചു. രണ്ടാം അലോട്ട്മെന്‍റിന് ശേഷം ജില്ല തിരിച്ച് കണക്ക് പരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിങ്ങനെ:

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതല്‍ 2020 വരെയുളള ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യുകയുണ്ടായി. ഈ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്ലസ് വണ്‍ സീറ്റുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു.

2020-21 അധ്യയന വര്‍ഷത്തില്‍ 4,21,887 എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,19,653 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.47 ആണ്.

സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ബാച്ച് ഒന്നിന് 50 സീറ്റ് എന്ന ക്രമത്തില്‍ ആകെ 3,06,150 സീറ്റുകളാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്കനുസരിച്ച് ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നവര്‍ 3,32,631 ആണ് കുറവുള്ള സീറ്റുകള്‍ 26,481.

ഇതിനെല്ലാം പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ 30,000 സീറ്റുകളും ഐ.റ്റി.ഐ. കളില്‍ 49,140 സീറ്റുകളും പോളിടെക്നിക്കുകളില്‍ 19,080 സീറ്റുകളും ഉള്‍പ്പെടെ ആകെ 98,220 സീറ്റുകള്‍ വേറെ ഉണ്ട്.

സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ പ്രവേശന നടപടികള്‍ അവസാനിച്ചു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉളളത്. നിലവില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നില്ല.

സംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതല്‍ ആണ്. പത്താം തരം പാസ്സായി ഉന്നത പഠനത്തിന് ഹയര്‍ സെക്കണ്ടറി പ്ലസ്വണ്‍ പ്രവേശനത്തിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷയിലെ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് പ്രവേശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുന്നതാണ്. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കകളും ഉണ്ടാകേണ്ട സാഹചര്യമില്ല. മുന്‍വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയര്‍ സെക്കന്‍ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനില്‍ക്കില്ല.

രണ്ടാം മറുപടി

മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍ കാസറഗോഡ് വരെ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ 28,160 (ഇരുപത്തി എട്ടായിരത്തി നൂറ്റി അറുപത്) സീറ്റുകള്‍ കൂടി ലഭ്യമാകും. മലബാര്‍ മേഖലയില്‍ 2021 എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായവര്‍ 2,24,312 . കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രവേശനം എടുത്താന്‍ ഹയര്‍ സെക്കന്‍ററിയില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 1,65,477 .1 ഡിവിഷനില്‍ 50 കുട്ടികള്‍ എന്ന കണക്കില്‍ നിലവില്‍ മലബാര്‍ മേഖലയില്‍ ആകെ 1,40,800 സീറ്റുകളുണ്ട്. 20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ പുതുതായി 28,160 സീറ്റുകള്‍ കൂടും. അങ്ങനെ ആകെ 1,68,960 സീറ്റുകള്‍. മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തി കഴിയുമ്പോള്‍ മലപ്പുറം ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും ഗവണ്‍മെന്‍റ് എയിഡഡ് സീറ്റുകള്‍ തന്നെ ആവശ്യത്തിനുണ്ട്. മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. വിജയിച്ചവരില്‍ നിന്നും 1816 കുറവു കുട്ടികളാണ് ഇക്കൊല്ലം മലപ്പുറം ജില്ലയില്‍ വിജയിച്ചത്. മാത്രവുമല്ല അണ്‍ എയിഡഡ് മേഖലയില്‍ 11,275 മലപ്പുറം ജില്ലയില്‍ ലഭ്യമാണ്. എന്നിരുന്നാലും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ച് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തേയും ഓപ്ഷനുകളേയും അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിയ്ക്കുന്നതാണെന്നും അറിയിക്കുന്നു.

TAGS :

Next Story