'സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരളാ പൊലീസിനേ അറിയൂ'; കൊടകര കുഴല്‍പ്പണ കേസില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം. ജോൺ ആരോപിച്ചു
കൊടകര കുഴൽപ്പണ കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം. ജോൺ ആരോപിച്ചു. കള്ളപ്പണം തെരഞ്ഞെടപ്പ് അട്ടിമറിക്കാനാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാതെ ഒത്തുതീർക്കാൻ ശ്രമിക്കുകയാണ്. കേസിലെ ബിജെപി നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നും റോജി എം. ജോൺ ആവശ്യപ്പെട്ടു.
കുഴൽപ്പണത്തിന്‍റെ സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരളാ പൊലീസിന് മാത്രമേ അറിയൂവെന്നും റോജി എം. ജോൺ പരിഹസിച്ചു. കള്ളപ്പണ കേസിൽ സി.പി.എം-ബി.ജെ.പി ഒത്തുകളി നടക്കുകയാണ്. കെ.സുരേന്ദ്രൻ സൂത്രധാരൻ ആണെന്നാണ് സി.പി.എം നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ചപ്പോൾ സൂത്രധാരൻ സാക്ഷിയായി മാറി.
മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. അതിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നു. പിന്നാലെ സുരേന്ദ്രനെ സാക്ഷിയാക്കി കള്ളപ്പണ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നു. ഇതെല്ലാം ഒത്തുതീർപ്പാണെന്നും റോജി എം. ജോൺ ചൂണ്ടിക്കാട്ടി.
അതേസമയം അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കൊടകരയിൽ കവർച്ചചെയ്യപ്പെട്ട കളളപ്പണം ബിജെപിയുടേത് തന്നെയാണ്. നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. പരാതിക്കാരനായ ധർമരാജൻ ബിജെപി അനുഭാവിയും. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളുമാണ്. തുടരന്വേഷണത്തിൽ സാക്ഷികൾ തന്നെ പ്രതികളായേക്കാമെന്നും മുഖ്യന്ത്രി പറഞ്ഞു.
അന്വേഷണം തുടരുകയാണ്. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് യുഡിഎഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രിനിയമസഭയിൽ പറഞ്ഞു. എന്നാൽ കൊടകരകേസിൽ കെ സുരേന്ദ്രന് രക്ഷപ്പെടാൻ എല്ലാവഴികളും ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
Adjust Story Font
16