പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുന്നു; ലീഗിന്റെ ശബ്ദം വ്യത്യസ്തമെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുമ്പോൾ ലീഗിന്റെ ശബ്ദം വ്യത്യസ്തമാണെന്നും അവർ ഇതിലെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്: പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റിക്കൊടുക്കലാണ് ഗവർണറുടെ ലക്ഷ്യം. ഇത് കാണാൻ കഴിയുന്നവർ യുഡിഎഫിൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുമ്പോൾ ലീഗിന്റെ ശബ്ദം വ്യത്യസ്തമാണെന്നും അവർ ഇതിലെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും ഒക്കെ സംഘ്പരിവാർ ഇടപെട്ടത് നമ്മൾ കണ്ടതാണ്. ഇവിടെ സർവകലാശാലകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളേയും അതുമായി ചേർത്തു വായിക്കേണ്ടതുണ്ട്. ഇത് കൂട്ടിവായിക്കാത്തവർ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വി.സിമാർക്ക് രാജിവെക്കാൻ ഗവർണർ അനുവദിച്ച സമയം അവസാനിച്ചെങ്കിലും ഒരു വി.സി പോലും രാജിവെക്കാൻ തയ്യാറായിട്ടില്ല. ഗവർണറുടെ നിർദേശം അമിതാധികാര പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി വി.സിമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അവധി ദിവസമായതിനാൽ വൈകീട്ട് പ്രത്യേക സിറ്റിങ് നടത്തി കോടതി ഹരജി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Adjust Story Font
16