മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ പ്രതിഷേധവുമായി ദേശീയ പ്രതിപക്ഷ നേതാക്കള്‍
മീഡിയവണിനെതിരായ കേന്ദ്ര നടപടി ഞെട്ടിച്ചെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർരഞ്ജന്‍ ചൗധരി
മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ പ്രതിഷേധവുമായി ദേശീയ പ്രതിപക്ഷ നേതാക്കള്‍. ലോക്സഭാ പ്രതിപക്ഷ നേതാവ് അധിർരഞ്ജന്‍ ചൗധരി, എന്‍സിപി കക്ഷിനേതാവ് സുപ്രിയാ സുലെ, തൃണമൂല്‍ നേതാവ് മഹുവാ മൊയിത്ര, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയ ദേശീയ പ്രതിപക്ഷത്തിലെ നേതൃനിര മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തി. പാർലമെന്‍റ് ഐടി സമിതി വാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണവും തേടി.
മീഡിയവണിനെതിരായ കേന്ദ്ര നടപടി ഞെട്ടിച്ചെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർരഞ്ജന്‍ ചൗധരി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടപടിയെന്ന് എന്‍.സി.പി ലോക്സഭാ കക്ഷിനേതാവ് സുപ്രിയാ സുലെയും മാധ്യമങ്ങളുടെ വായമൂടിക്കെട്ടരുതെന്ന് ഡിഎംകെ എം പി കനിമൊഴിയും പറഞ്ഞു.
കേന്ദ്രനടപടിക്കെതിരെ ഉറക്കെ ശബ്ദിച്ചില്ലെങ്കില്‍ നമ്മളെല്ലാം മരിച്ചതിന് തുല്യമാണെന്ന് തൃണമൂല്‍ എംപി മഹുവാ മൊയിത്ര ട്വീറ്റ് ചെയ്തു. ബി.എസ്.പി നേതാവ് കുന്‍വർ ഡാനിഷ് അലിയും മീഡിയവണിനായി രംഗത്തുവന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും ദേശീയ നേതാക്കളും മീഡിയവണ്‍ വിലക്കിനെതിരായ ശബ്ദം പാർലമെന്‍റില്‍ മുഴക്കി
പാർലമെന്‍റ് ഐടി സമിതി ചെയർമാനായ ശശി തരൂർ വാർത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഈ മാസം 9ന് സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മീഡിയവണ്‍ വിലക്കിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അധിർരഞ്ജന്‍ ചൗധരിയും ജോണ്‍ ബ്രിട്ടാസും ഹൈബി ഈഡനും വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂറിന് കത്തും അയച്ചു.
Adjust Story Font
16