Quantcast

മീഡിയവൺ വിലക്ക് ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് നൽകി

വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടിരുന്നു

MediaOne Logo

ijas

  • Updated:

    2022-02-02 09:09:31.0

Published:

2 Feb 2022 5:34 AM GMT

മീഡിയവൺ വിലക്ക് ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് നൽകി
X

മീഡിയവൺ വിലക്ക് ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എൻകെ പ്രേമചന്ദ്രൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസമദ് സമദാനി എം.പി, തമിഴ്നാട്ടിൽ നിന്നുള്ള നവാസ്‍ ഗനി എം.പി എന്നിവരാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തിന് എതിരാണ് കേന്ദ്രസർക്കാരിന്‍റെ നടപടിയെന്നും മീഡിയവണിനെ കേൾക്കാതെയാണ് മന്ത്രാലയം നടപടിയെടുത്തതെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. മീഡിയവണിനു സ്വാഭാവിക നീതി നിഷേധിച്ചതായും മാധ്യമങ്ങളെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും നോട്ടീസിൽ പറഞ്ഞു. മീഡിയ വൺ സംപ്രേഷണ വിലക്ക് സഭാ നടപടികൾ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ നോട്ടീസില്‍ പറഞ്ഞു.

മീഡിയവണിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സാമൂഹ്യപ്രവർത്തകരും കലാകാരന്മാരും അഭിപ്രായപ്പെട്ടത്. മീഡിയവണിന് വ്യാപക പിന്തുണയാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്നത്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു.

വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടിരുന്നു. കെ. സുധാകരൻ, എ.എം ആരിഫ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടി.എൻ പ്രതാപൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എം.പിമാരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പിമാർ നിവേദനം നൽകി. മീഡിയവൺ സംപ്രേഷണം വിലക്കിയത് കേന്ദ്രത്തിന്‍റെ ഏകപക്ഷീയ നടപടിയാണ്. വിലക്ക് പിൻവലിക്കാൻ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Summary:Opposition raises ban on MediaOne in Lok Sabha.

TAGS :

Next Story