പാലക്കാട്ടും മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട്
കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു
പാലക്കാട്ടും മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു മുതൽ ശനിയാഴ്ച വരെ ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യയുടെ ദക്ഷിണ കിഴക്കൻ മുനമ്പ് വരെയുള്ള ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഏർപ്പെടുത്തിയിരുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഓറഞ്ച് അലേർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. യെല്ലോ അലേർട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ലഭിക്കാൻ സാധ്യതയെന്നും പറഞ്ഞിരുന്നു.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:
- ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം
- പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
- മലവെള്ളപ്പാച്ചിൽ, ഉരുൾപ്പൊട്ടൽ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
- താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം
- അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം
- പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ മേഖലകളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം
- കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കണം.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
- ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.
- കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം
Adjust Story Font
16