വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്
കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു
പാലക്കാട്: വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. നിലവിലുള്ള കുറ്റപത്രം കോടതി തളളി.
കഴിഞ്ഞ ഏപ്രിലിലാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണ കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്.
2021 ഡിസംബറിലാണ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം ശരിവച്ച് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്നായിരുന്നു കുറ്റപത്രം. 13 ഉം ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക- ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക പീഡനം പെണ്‍കുട്ടികള്‍ നിരന്തരം നേരിട്ടിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡി.വൈ.എസ്.പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍റ് ചെയ്തിരുന്നു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹംകേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.
Adjust Story Font
16