ബലാത്സംഗക്കേസിൽ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം
സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദേശം
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. വേഗത്തിൽ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. എറണാകുളത്തെ ഇരു വീടുകളിലും സിദ്ദിഖില്ല.
മസ്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി തള്ളിയത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതി നൽകിയ നടി രംഗത്തുവന്നു. കേസിലെ ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. കേസിലെ രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും മാധ്യമങ്ങളിലൂടെ രഹസ്യമായ വിവരങ്ങൾ പുറത്തുവന്നതായും അവർ പറഞ്ഞു.
Adjust Story Font
16