സികെ ജാനുവിന് കോഴ നൽകിയെന്ന പരാതി; സുരേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവ്
സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്.
കല്‍പ്പറ്റ: സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കാൻ കെ സുരേന്ദ്രൻ സികെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപ നൽകിയതിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യമെന്ന് പികെ നവാസിന്റെ അഭിഭാഷകൻ സജൽ മീഡിയ വണ്ണിനോട് പറഞ്ഞു. പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ വച്ചും നാൽപ്പത് ലക്ഷം രൂപ സുൽത്താൻ ബത്തേരിയിൽ വച്ചും കൈമാറിയെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഐപിസി 171 ഇ, 171 എഫ് പ്രകാരമാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.- സജിൽ പറഞ്ഞു.
നേരത്തെ, കോഴയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ആരോപണങ്ങൾ സുരേന്ദ്രൻ നിഷേധിക്കുകകയാണ്.
Adjust Story Font
16