പരുന്തുംപാറയിലെ കയ്യേറ്റം: നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ഉത്തരവ്
മലനിരകളും പുൽമേടുകളും ഇടിച്ചു നിരത്തിയായിരുന്നു നിർമാണം

ഇടുക്കി: പരുന്തുംപാറയിലെ അനധികൃത കയ്യേറ്റത്തിൽ നടപടിയുമായി റവന്യൂ വകുപ്പ്. സർക്കാർ ഭൂമി കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പരുന്തുംപാറയിലെ കയ്യേറ്റം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്റുകളിൽ പലതും കാണാനില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇരുപതിലധികം പേർ കൈവശം വെച്ചിരിക്കുന്ന സ്ഥലത്തിൻ്റെയും പട്ടയത്തിലെയും സർവേ നമ്പർ വ്യത്യസ്തമാണെന്ന് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക പരിശോധനയിലും കണ്ടെത്തി. മലനിരകളും പുൽമേടുകളും ഇടിച്ചു നിരത്തിയായിരുന്നു നിർമാണം.
അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ പീരുമേട് തഹസിൽദാർക്ക് കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിൽ സ്ഥലത്തിൻ്റെ രേഖകളും പരിശോധിക്കും. ഡിജിറ്റൽ സർവേയും പരിശോധനകളും പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കും. കയ്യേറ്റത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും കലക്ടർ സൂചിപ്പിച്ചു.
Adjust Story Font
16