വാറന്റിയുള്ള വാഹനത്തിന്റെ തകരാറ് പരിഹരിച്ചില്ല; സർവീസ് സെന്ററിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്
സ്കൂട്ടറിന്റെ വിലയായ 67,740 രൂപ, 15,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ് എന്നിവ നൽകണം
കൊച്ചി: വാറന്റി കാലയളവിൽ സ്കൂട്ടർ തുടർച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത സ്കൂട്ടർ നിർമാതാക്കളും സർവീസ് സെൻററും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി നിധി ജയിൻ ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടേഴ്‌സ് ലിമിറ്റഡിനും കൊച്ചിയിലുള്ള സർവീസ് സെന്ററിനുമെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.
2018 മാർച്ചിലാണ് 67,000 രൂപ കൊടുത്ത് ഒരു വർഷത്തെ വാറന്റിയോടെ പരാതിക്കാരി സ്കൂട്ടർ വാങ്ങിയത്. അധികം താമസിയാതെ തന്നെ സ്കൂട്ടറിൽ നിന്നും വലിയ ശബ്ദം കേൾക്കാൻ തുടങ്ങി. പല പ്രാവശ്യം സർവീസ് സെൻററിൽ പോയി നന്നാക്കിയെങ്കിലും വീണ്ടും തകരാറിലായി.
സ്കൂട്ടറിന്റെ പല സുപ്രധാനമായ ഭാഗങ്ങളും മാറ്റി പുതിയത് വെയ്ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സ്കൂട്ടറിൻ്റെ തുടർച്ചയായ തകരാറ് നിർമാണപരമായ ന്യൂനത കൊണ്ടാണ് എന്ന് പരാതിപ്പെട്ട് സ്കൂട്ടറിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത്. എന്നാൽ, വാറന്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാതിക്കാരി വീഴ്ച വരുത്തിയെന്നും അതിനാലാണ് സൗജന്യമായി സർവീസ് ചെയ്ത് നൽകാതിരുന്നതെന്നും പണം നൽകിയാൽ സർവീസ് ചെയ്ത് നൽകാമെന്നുമുള്ള നിലപാടാണ് സർവീസ് സെൻറർ കോടതി മുമ്പാകെ സ്വീകരിച്ചത്. എന്നാൽ, വാറന്റി കാലയളവിൽ തന്നെ റിപ്പയർ ചെയ്യാൻ വിസമ്മതിച്ചുവെന്നും മറ്റു വർക്ക് ഷോപ്പുകളിൽ കൊണ്ടുപോയി റിപ്പയർ ചെയ്യേണ്ടി വന്നുവെന്നും പരാതിക്കാരി പറയുന്നു.
‘നിലവാരമുള്ള ഉൽപ്പന്നങ്ങളും മികച്ച സേവനവും ഉപഭോക്താക്കൾക്ക് നൽകുക എന്നത് ഓരോ നിർമാതാക്കളുടെയും സേവന ദാതാക്കളുടെയും നിയമപരമായ ചുമതലയാണ്. ഇത് ലംഘിക്കപ്പെട്ടതിനാൽ നീതി തേടി എത്തിയ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
സ്കൂട്ടറിന്റെ വിലയായ 67,740 രൂപ, 15,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ് എന്നിവ എതിർകക്ഷികൾ 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകാൻ കോടതി നിർദേശിച്ചു. അഡ്വ. ടേം ജോസഫ് പരാതിക്കാരിക്കുവേണ്ടി ഹാജരായി.
Adjust Story Font
16