മുസ്‌ലിം സംവരണം നഷ്‌ടപ്പെടുന്ന ഉത്തരവ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ലീഗ്
ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള റൊട്ടേഷന്‍ രൂപീകരിച്ചപ്പോഴാണ് മുസ്‌ലിം സംവരണം കുറയുന്ന അവസ്ഥയുണ്ടായതെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മുസ്‌ലിം സംവരണം നഷ്ടപ്പെടുന്ന രീതിയിലുളള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള റൊട്ടേഷന്‍ രൂപീകരിച്ചപ്പോഴാണ് മുസ്‌ലിം സംവരണം കുറയുന്ന അവസ്ഥയുണ്ടായതെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
മുസ്‌ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറിലാണ് സർക്കാർ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഒക്ടോബർ ഒന്നിന് പുറത്തിക്കിയ ഉത്തരവാണ് വിവാദമായത്. നേരത്തെ മുസ്‌ലിം ലീഗ് എം.എൽ.എ ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു.
പ്രക്ഷോഭത്തിലേക്ക് കടക്കുന്നതിന് മുൻപ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ പിരിഞ്ഞ ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി നേതാക്കൾ നിവേദനം നൽകിയത്.
സംവരണത്തിനുള്ള റൊട്ടേഷനില്‍ 1,26,51,76 എന്ന ക്രമത്തില്‍ ഭിന്നശേഷി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇതില്‍ 26, 76 റൊട്ടേഷന്‍ മുസ്‌ലിം വിഭാഗത്തിന്റേതായതിനാല്‍ ഈ രീതിയില്‍ നിയമനം നടത്തിയാല്‍ മുസ്‍ലിം സംവരണം രണ്ട് ശതമാനം കുറയും. ഇതിലൂടെ ഒരു വർഷം 700 തസ്‌തികകൾ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും. അതിനാൽ, ഉത്തരവ് പിൻവലിച്ച് ഭിന്നശേഷി സംവരണത്തിനായി പ്രത്യേക റൊട്ടേഷൻ ക്രമം നടപ്പാക്കണമെന്നും മുസ്‌ലിം ലീഗ് നിവേദനത്തിൽ ആവശ്യപ്പെടുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.
വിഷയം അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണത്തില്‍ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനില്‍ മാറ്റം വരുത്തിയിരുന്നില്ല.
Adjust Story Font
16