അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം
കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു
കൊച്ചി: അവയവക്കച്ചവടത്തിനായി ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി സാബിത്തുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്ന ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം. സാബിത്തിനെ നിരന്തരം ഫോണിൽ വിളിച്ചിരുന്ന അഞ്ചു പേരുടെ ഫോൺ ഓഫാക്കിയ നിലയിലാണ്. കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
കേസിലെ പ്രതി സാബിത്ത്,നാസർ ഇടനിലക്കാരൻ അല്ലെന്നും മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് പ്രതിയുമായി ബന്ധമുള്ള സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം. പിടിയിലാകുന്നതിനു മുൻപ് സാബിത്തുമായി അഞ്ചുപേർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിൽ താമസിച്ചാണ് സാബിത്ത് മനുഷ്യക്കടത്ത് നിയന്ത്രിച്ചിരുന്നത്. അതിനാൽ മനുഷ്യകടത്തിന് നാട്ടിൽ നിന്ന് സഹായം ഒരുക്കിയത് ഈ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
കേസിൽ മുഖ്യ പങ്കുണ്ടെന്ന് സാബിത്ത് മൊഴി നൽകിയ കൊച്ചി സ്വദേശി മധു ഇറാനിൽ ആണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇയാളുമായി ചേർന്നാണ് സാമ്പത്തിക ഇടപാടുകൾ അടക്കം കൈകാര്യം ചെയ്തിരുന്നതെന്ന് സാബിത്ത് മൊഴി നൽകിയിരുന്നു. ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയാണ് പ്രതി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കൂടി ലഭിച്ചാലെ എത്ര തുകയാണ് ഇയാൾ കമ്മീഷൻ ആയി കൈപ്പറ്റിയതെന്ന കാര്യത്തിൽ വ്യക്തത വരൂ. വിശദമായ അന്വേഷണത്തിന് ഇറാനിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16