സർജൻമാരെ വിളിച്ചുവരുത്തിയത് വൃക്ക എത്തി രണ്ടരമണിക്കൂറിന് ശേഷം; ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന്റേത് ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ
ശസ്ത്രക്രിയ നടത്തുമ്പോൾ സീനിയർ സർജൻമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഏകോപനത്തിൽ പിഴ ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ശസ്ത്രക്രിയ നടത്തുമ്പോൾ സീനിയർ സർജൻമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
യുറോളജി, നെഫ്രോളജി ഡോക്ടർമാരെ മേധാവികൾ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. വൃക്ക എത്തി രണ്ടര മണിക്കൂറിനു ശേഷമാണ് സർജൻമാരെ വിളിച്ചുവരുത്തിയത്. ശസ്ത്രക്രിയക്കിടെ ഒരു സർജനെ കൂടി വിളിച്ചുവരുത്തി. കൂടുതൽ വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്.
കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുണ്ട്. സുരേഷ്‌കുമാറിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസെടുത്തത്.
ബന്ധുക്കളുടെ മൊഴി പൊലീസ് അന്ന് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതേദഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ മരണകാരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് നീങ്ങുക.
ആശുപത്രി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്‌പെന്ഡ് ചെയ്തത്. എന്നാൽ ഡോക്ടർമാരെ ബലിയാടാക്കുകായണെന്ന ആരോപണവുമായി മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എ രംഗത്തുവന്നിട്ടുണ്ട്.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് മെഡിക്കൽ കേളേജിലെത്തിയത്. മെഡിക്കൽകോളജിൽ നാല് മണിക്കൂർ കഴിഞ്ഞാണ് ശസ്ത്രിക്രിയ നടന്നത്. ശസ്ത്രക്രിയ വൈകിയതിനാലാണ് കാരണക്കോണം സ്വദേശിയായ സുരേഷ് കുമാർ മരിച്ചതെന്നാണ് ആക്ഷേപം.
Adjust Story Font
16