'കാസയുള്‍പ്പെടെയുള്ള സംഘടനകള്‍ ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന് വിശ്വസിച്ചു, ഇനിയെല്ലാം തകിടം മറിയും'- പി.സി ജോര്‍ജ്
''പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ഞാനും അനിലും അടുത്തടുത്താണ് ഇരുന്നത്, അന്നൊന്നും പത്തനംതിട്ടയില്‍ സ്ഥാനാർഥിയാകുന്ന കാര്യം പറഞ്ഞില്ല''
കോട്ടയം: കാസയുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പി.സി ജോര്‍ജ്. പത്തനംതിട്ടയില്‍ തന്നെ മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവര്‍ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
''സ്ഥാനാർഥിയാവുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. പത്തനംതിട്ടയില്‍ ആര് സ്ഥാനാർഥിയാവണം എന്നതിനെ കുറിച്ച് ബി.ജെ.പി നേതൃത്വം ഒരു അഭിപ്രായ സർവേ നടത്തി. അതിൽ 95 ശതമാനം പേരും എന്റെ പേരാണ് പറഞ്ഞത്. അല്ലാതെ സ്ഥാനാര്‍ത്ഥിത്വം ഞാനാവശ്യപ്പെട്ടിട്ടില്ല. പാർട്ടി നേതൃത്വം നിൽക്കാൻ ആവശ്യപ്പെട്ടാല്‍ നിൽക്കും. അനിൽ ആന്റണിക്ക് കേരളവുമായി അധികം ബന്ധമില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ഞങ്ങൾ അടുത്തടുത്താണ് ഇരുന്നത്. അന്നൊന്നും പത്തനംതിട്ടയില്‍ സ്ഥാനാർഥിയാകുമെന്ന കാര്യം അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
ക്രിസ്ത്യൻ സമുദായത്തില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ആളുകളുടെ ഒഴുക്ക് എന്‍റെ ബി.ജെ.പി പ്രവേശത്തോടെയാണ് ഉണ്ടായത്. അത് മറ്റൊരാള്‍ക്കും കഴിയാത്തതാണ്. കാസയുൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ എന്നെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയാൽ മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നു. അതെല്ലാം തകിടം മറിയും. എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നതല്ല അത്. എനിക്ക് അനുകൂലമായി എൻ.എസ്.എസ്സും നിലപാടെടുത്തിരുന്നു. അതിലും വലിയ മാറ്റം വരാം''- പി.സി ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ പി.സി ജോര്‍ജ് നേരത്തേ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. 'ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആന്‍റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്‍റണി കോൺഗ്രസാണ്. അപ്പന്‍റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..'..പി.സി ജോർജ് പറഞ്ഞു.
'യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തില്‍ ഇല്ല. എത്രയോ ആളുകൾ ബി.ജെ.പിയിൽ വന്നു. അവർക്ക് ആർക്കും കിട്ടാത്ത അംഗീകാരവും ആദരവും എനിക്ക് കിട്ടി'... പി സി ജോര്‍ജ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് പുറമെ തിരുവനന്തപുരത്ത് ആർ.ചന്ദ്രശേഖരനും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കും. കോഴിക്കോട് എം.ടി രമേശും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും.
Adjust Story Font
16