Quantcast

പ്രവർത്തിച്ചത് പ്രതികാര ബുദ്ധിയോടെ, ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തു; ടോം ജോസിനെതിരെ ഓർത്തഡോക്‌സ് സഭ

സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ടാണ് മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സഭ രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-01 14:34:15.0

Published:

1 May 2023 2:32 PM GMT

Orthodox Church against Tom Jose
X

ടോം ജോസ്

തിരുവനന്തപുരം: ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഓർത്തഡോക്‌സ് സഭ. സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ടാണ് മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സഭ രംഗത്തെത്തിയത്. പക്ഷപാതപരമായും വൈകാരികമായും പ്രതികാരബുദ്ധിയോടെയുമാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ചതെന്നും സഭ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

ഓർത്തഡോക്സ് സഭയുടെ പ്രസ്താവന

"കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവി യാക്കോബായ വിഭാഗത്തിന് വേണ്ടി പക്ഷപാതപരമായി ദുരുപയോഗം ചെയ്തതിന്റ വ്യക്തമായ തെളിവാണ് ടോം ജോസിന്റ പ്രസ്താവനയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സെമിത്തേരി ബില്ലില്‍ താന്‍ എഴുതിക്കൊടുത്തതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കുകയെന്ന ഗൂഢ ലക്ഷ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്ന് വളരെ വ്യക്തമാണ്. താന്‍ തയ്യാറാക്കിയ സെമിത്തേരി ബില്ലില്‍ പിന്നീട് വെള്ളം ചേര്‍ത്തു എന്നു പറയുന്ന മുന്‍ ചീഫ് സെക്രട്ടറി, പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് സര്‍ക്കാരിനെയാണ്.

മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ശാശ്വത സമാധാനത്തിന് ശ്രമങ്ങള്‍ നടത്തുമ്പോള്‍ അനവസരത്തിലും അസ്ഥാനത്തും വിവാദ പ്രസ്താവനകൾ നടത്തി സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള മുന്‍ ചീഫ് സെക്രട്ടറിയുടെ ശ്രമം ദുരൂഹമാണ്. 2020 ല്‍ സെമിത്തേരി ബില്‍ വരുന്നതിന് വളരെ മുന്‍പ് തന്നെ 2019 ഓഗസ്റ്റ് മാസത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കി തരുന്നില്ലെന്ന് പ്രസ്താവിച്ചു കൊണ്ട് ഓര്‍ത്തഡോക്‌സ് സഭ കോടതി അലക്ഷ്യ കേസ് ഫയല്‍ ചെയ്തതുമാണ്. ആ കേസ് തള്ളി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ആ കോടതിയലക്ഷ്യ കേസിന് പ്രതികാരമെന്ന നിലയിലാണോ സെമിത്തേരി ബില്ല് കൊണ്ടുവന്നതെന്ന് ഈ സാഹചര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു.

വാദ പ്രതിവാദങ്ങള്‍ക്കും സൂക്ഷ്മമായ പരിശോധനകള്‍ക്കും ശേഷം സുപ്രീം കോടതി തെളിവായി അക്കമിട്ട് സ്വീകരിച്ചിട്ടുള്ളതും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ 1934ലെ ഭരണഘടനയുടെ സാധുതയെപ്പറ്റി പുനര്‍വിചാരണ നടത്തുവാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ 1934 ലെ ഭരണഘടനയുടെ അസല്‍ സംബന്ധിച്ച് മുന്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണം ഉദ്ദേശശുദ്ധിയോടുകൂടി ഉള്ളതല്ല. സുപ്രീം കോടതി അംഗീകരിച്ച സഭാ ഭരണഘടന പാസാക്കിയ 1934 ലെ മലങ്കര അസോസിയേഷൻ്റെ അസ്സല്‍ മിനിറ്റ്‌സ് ഒന്നാം സമുദായ കേസില്‍ കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

മലങ്കര സഭാ തര്‍ക്കത്തെ റിയല്‍ എസ്റ്റേറ്റ് തര്‍ക്കം എന്ന് വിശേഷിപ്പിച്ച ടോം ജോസ്, വിഷയത്തിന്റ ഗൗരവം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല എന്നത് വ്യക്തമാണ്. നിയമ ബോധത്തോടെയും വസ്തുതാപരമായും സമീപിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധി നടപ്പാക്കുവാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ടോം ജോസ്, മലങ്കര സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധിയിന്മല്‍ പക്ഷപാതപരമായും വൈകാരികമായും പ്രതികാരബുദ്ധിയോടെയും ആണ് പ്രവര്‍ത്തിച്ചതെന്ന് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവനയില്‍ പറഞ്ഞു."

TAGS :

Next Story