ബി.ജെ.പിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ സഭയുടെ നടപടി; ചുമതലകളിൽനിന്നു നീക്കി
ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്
കോട്ടയം: ബി.ജെ.പിയിൽ ചേർന്ന ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. ഷൈജുവിനെതിരായ പരാതികൾ അന്വേഷിക്കാൻ ഭദ്രാസനം കൗൺസിൽ തീരുമാനിച്ചു. അന്വേഷണ കാലയളവിൽ എല്ലാ ചുമതലകളിൽനിന്നും മാറ്റും. കഴിഞ്ഞ ദിവസമാണ് ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നത്.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലെ തീരുമാനം ഇന്നാണ് ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽനിന്ന് വാർത്താ കുറിപ്പായി പുറത്തിറക്കിയത്. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയസംഭവ വികാസങ്ങളുമായി ഷൈജു കുര്യനെതിരായ നടപടിയെ വ്യാഖ്യാനിക്കേണ്ടെന്നു വാർത്താകുറിപ്പിൽ പറയുന്നുണ്ട്. രണ്ടു മാസത്തേക്കാണ് സഭയുടെ എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
വ്യക്തിപരമായ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു വിശദീകരണം. ബി.ജെ.പിയിൽ അംഗത്വമെടുത്തതൊന്നും നടപടിക്കു പിന്നിലില്ലെന്നാണു സഭാ നേതൃത്വം പറയുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സഭയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയ ഡോ. മാത്യൂസ് വാഴക്കുന്നത്തിനോടും ഷൈജു കുര്യനൊപ്പം വിശദീകരണം തേടിയിട്ടുണ്ട്.
കൗൺസിൽ തീരുമാനിച്ച കമ്മീഷനാണ് അന്വേഷണം നടത്തുക. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
Summary: Fr Shaiju Kurien, Orthodox priest who joined BJP, removed from post of Bhadrasanam Secretary
Adjust Story Font
16