'പണം വാങ്ങിയെങ്കിൽ തെളിവ് നൽകണം, ശ്രീജിത്തിന്റെ വീട്ടിൽ സമരമിരിക്കും'; വെല്ലുവിളിച്ച് പ്രമോദ് കോട്ടൂളി
പ്രമോദിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി
കോഴിക്കോട്: പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ കോഴിക്കോട് സി.പി.എമ്മിന്റെ നടപടി. പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനുപുറമേ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രമോദിനെ നീക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു. റിയൽ എസ്റ്റേറ്റ് ബന്ധം ചൂണ്ടികാട്ടിയാണ് നടപടി.
ഇതിനിടെ പുറത്താക്കിയ നടപടിയിൽ പ്രമോദ് കോട്ടൂളിയുടെ പ്രതികരണം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. പണം വാങ്ങിയെങ്കിൽ തെളിവ് നൽകണമെന്നും പുറത്താക്കിയത് തന്നെ അറിയിച്ചിട്ടില്ലെന്നും പ്രമോദ് പറഞ്ഞു.
പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചയാളുടെ വീട്ടിൽ സമരമിരിക്കുമെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് തൻ്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണമെന്നും പ്രമോദ് കൂട്ടിച്ചേർത്തു. തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചുവെന്ന് ആരോപിച്ച പ്രമോദ് കോട്ടൂളി ആരോപണം ഉന്നയിച്ച ശ്രീജിത്തിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് പോകുന്നതെന്നും അവകാശപ്പെട്ടു.
ഇദ്ദേഹത്തിനെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ നടപടി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം കോഴ ആരോപണം നിഷേധിച്ച് കോഴിക്കോട് പ്രമോദ് കോട്ടൂളി മുമ്പും രംഗത്തുവന്നിരുന്നു. ആരിൽ നിന്നും പണം വാങ്ങിയില്ല . വീട് ജപ്തി ഭീഷണി നേരിടുകയാണ്. ഒരു മാഫിയയുമായും ബന്ധമില്ല. വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്ത ബന്ധങ്ങളാണ് ഉള്ളതെന്നുമായിരുന്ന പ്രമോദിന്റെ വിശദീകരണം.
WATCH VIDEO REPORT
Adjust Story Font
16