മഹാരാജാസിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ; കുട്ടികൾ മയക്കുമരുന്ന് വിൽപന നടത്തുന്നുവെന്ന് മുൻ പ്രിൻസിപ്പൽ
മഹാരാജാസിലെതടക്കം 20% കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ, അവ വിൽക്കുകയോ ചെയ്യുന്നുണ്ടെന്നും വിഎസ് ജോയ് പറഞ്ഞു
കൊച്ചി: മഹാരാജാസ് കോളജ് സംഘർഷത്തിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടൽ ഉണ്ടൊയെന്ന് മുൻ പ്രിൻസിപ്പൽ വി.എസ്.ജോയ്. ഹോസ്റ്റലിലും കോളേജിലും പുറത്ത് നിന്നുള്ളവർ നിരന്തരമായി വന്നുപോകുന്നുണ്ട്. പ്രശ്നങ്ങളുണ്ടാകുന്പോൾ എംഎസ്എഫ് ഒഴികെയുള്ള സംഘടനകളെല്ലാം അമിതമായി പ്രതികരിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് മഹാരാജാസിലെതടക്കം നാല് കോളജുകളിലെ 20% കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ, അവ വിൽക്കുകയോ ചെയ്യുന്നുണ്ടെന്നും വിഎസ് ജോയ് പറഞ്ഞു.
"എം എസ് എഫ് ഒഴികെ മറ്റ് പ്രധാന സംഘടനകൾ പ്രശ്നങ്ങൾ വഷളാക്കുകയാണ് ചെയ്യുന്നത്. ഹോസ്റ്റലിലും കോളേജിലും പുറത്ത് നിന്നുള്ളവർ നിരന്തരമായി വന്നുപോകുന്നുണ്ട്. ഇപ്പോൾ സംഭവിച്ച കാര്യങ്ങളിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടൽ ഉണ്ട്.": പ്രിൻസിപ്പൽ പറയുന്നു.
പൊലീസിനെ അറിയിക്കേണ്ടതെല്ലാം അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെതിരെ നടപടി എടുക്കാൻ തനിക്ക് അധികാരമില്ല, അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാരാജാസ് കോളേജിൽ 24ആം തിയതി വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംഗ് നടക്കും. മീറ്റിംഗിൽ ജില്ല കളക്ടർ കൂടി പങ്കെടുക്കും. കോളേജ് തുറക്കുന്ന കാര്യം അന്നത്തെ മീറ്റിംഗിൽ തീരുമാനിക്കും. രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി കോളേജിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനമായി.
ഐ ഡി കാർഡ് ഉപയോഗിക്കാത്തവരെ ഇനി കോളേജിൽ പ്രവേശിപ്പിക്കില്ല. അഞ്ച് സെക്യൂരിറ്റി സ്റ്റാഫിനെ നൽകണം എന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കോളേജ് യൂണിയൻ ചെയർമാനടക്കം 44 പേർക്കെതിരെയാണ് നിലവിൽ പോലിസ് അന്വേഷണം നടക്കുന്നത്. അഞ്ചംഗ അധ്യാപക കമ്മറ്റി കോളേജിൽ സംഭവിച്ച അക്രമസംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.
Adjust Story Font
16